BUSINESS

ഫെഡറൽ ബാങ്കിന് ചരിത്രത്തിലെ ഏറ്റവും വലിയ ലാഭം; 6.4 ലക്ഷം കോടി കടന്ന് മൊത്തം ബിസിനസ്, കിട്ടാക്കടം ദശാബ്ദത്തിലെ താഴ്ചയിൽ


ആലുവ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ ഫെഡറൽ ബാങ്കിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം. നടപ്പു സാമ്പത്തിക വർഷത്തെ (2026-27) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറിൽ 1,386.09 കോടി രൂപ ലാഭമാണ് ബാങ്ക് നേടിയത്. മുൻവർ‌ഷത്തെ സമാനപാദത്തിലെ 955 കോടിയേക്കാൾ 45.10% അധികം. നടപ്പുവർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിലെ 1177 കോടി രൂപയേക്കാൾ 18% അധികവുമാണിതെന്ന് ബാങ്ക് പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കി. ബാങ്കിന്റെ മൊത്തം ബിസിനസ് (Total business franchise) 20.12% വർധിച്ച് 6.4 ലക്ഷം കോടി രൂപയായെന്ന് റിപ്പോർട്ട് പറയുന്നു. മൊത്തം നിക്ഷേപം 3.42 ലക്ഷം കോടി രൂപയും മൊത്തം വായ്പകൾ 3.01 ലക്ഷം കോടി രൂപയുമാണ്. മൊത്ത നിക്ഷേപത്തിൽ 18.61 ശതമാനവും വായ്പകളിൽ 21.66 ശതമാനവും വർധനയുണ്ട്. പ്രവാസി നിക്ഷേപത്തിൽ വൻ വളർച്ച പ്രവർത്തനമികവിന്റെ അളവുകോലുകളിൽ ഒന്നായ കറന്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് (കാസ) നിക്ഷേപം 22.56% ഉയർന്ന് 1.09 ലക്ഷം കോടി രൂപയിലെത്തി. കാസ റേഷ്യോ (കാസ അനുപാതം) 1.03% ഉയർന്ന് 32.04 ശതമാനമായും മികവാണ്. പ്രവാസി നിക്ഷേപം (NRE and ONR) 26.63% ഉയർന്ന് 1.19 ലക്ഷം കോടി രൂപയായി. റിസർവ് ബാങ്ക് പ്രഖ്യാപിച്ച ഇളവുകളെ തുടർന്ന് എഫ്സിഎൻആർ (ബി) അക്കൗണ്ടുകളിലേക്കുള്ള നിക്ഷേപം കുതിച്ചതും നേട്ടമായി. 239.14% കുതിപ്പോടെ 23,547.72 കോടി രൂപയായാണ് വർധന. ഉയർന്ന് സ്വർണപ്പണയം, പ്രവർത്തനലാഭം സ്വർണപ്പണയ വായ്പകൾ 37.13%, ഈടുവായ്പകൾ 32.21%, ക്രെഡിറ്റ് കാർഡ് 28.27% എന്നിങ്ങനെയും വളർന്നു. അറ്റ പലിശ വരുമാനം (എൻഐഐ) 26.38%, അറ്റ പലിശ മാർജിൻ (എൻഐഎം) 0.26% എന്നിങ്ങനെ ഉയർന്നതും ബാങ്കിന്റെ പ്രവർത്തന മികവ് വ്യക്തമാക്കുന്നു. പ്രവർത്തനലാഭം 35.35% ഉയർന്ന് 2225.37 കോടി രൂപയാണ്. പ്രവർത്തനേതര വരുമാനം 37.73% ഉയർന്ന് റെക്കോർഡ് 1490.44 കോടി രൂപയായി. കിട്ടാക്കടത്തിൽ വൻ കുറവ് കിട്ടാക്കടം അഥവാ നിഷ്ക്രിയ ആസ്തി അനുപാതം (എൻപിഎ) കുറഞ്ഞതും നേട്ടമാണ്. 1.83 ശതമാനത്തിൽ നിന്ന് 1.32 ശതമാനത്തിലേക്കാണ് മൊത്തം നിഷ്ക്രിയ ആസ്തി (ജിഎൻപിഎ) കുറഞ്ഞത്. അറ്റ നിഷ്ക്രിയ ആസ്തി (എൻഎൻപിഎ) 0.48ൽ നിന്ന് 0.17 ശതമാനത്തിലേക്കും താഴ്ന്നു. ദശാബ്ദത്തിലെ ഏറ്റവും താഴ്ന്ന കിട്ടാക്കട അനുപാതമാണിത്.രാജേഷ് വാര്യർ അഡിഷനൽ ഡയറക്ടർ ഫെഡറൽ ബാങ്ക് അഡിഷനൽ ഡയറക്ടറായി രാജേഷ് വാര്യരെ നിയമിച്ചു. നിയമനത്തിന് ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. ഇന്നു പ്രാബല്യത്തിൽ വന്നവിധം മൂന്നുവർഷത്തേക്കാണ് നിയമനം. ഓഹരി ഉടമകളുടെ അനുമതിയും നിയമനത്തിന് തേടും.


Travel ⏭️

Back to top button