വീട്ടിൽ കുഴഞ്ഞുവീണയാളെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചയാളും കുഴഞ്ഞുവീണു, രണ്ടുപേരും മരിച്ചു

TWO DIED
തിരുവനന്തപുരം: വീട്ടിൽ കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ സഹായവുമായെത്തിയ അയൽവാസിയും കുഴഞ്ഞുവീണ് മരിച്ചു. കോവളം വണ്ടിത്തടത്ത് കുരിശടിയ്ക്ക് സമീപം കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. വണ്ടിത്തടം കുരിശടിയ്ക്ക് സമീപം ഇടറോഡിൽ സുരേഷ് (44) വീട്ടിൽ കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസിൽ കയറ്റുന്നതിനിടെ അയൽവാസി അജി (52) കുഴഞ്ഞുവീഴുകയായിരുന്നു.
വൈകിട്ട് ശുചിമുറിയിൽ പോയ സുരേഷിനെ ഏറെനേരമായിട്ടും കാണാതെവന്നതോടെ ഭാര്യ അന്വേഷിച്ചു. അപ്പോഴാണ് കുഴഞ്ഞുവീണ നിലയിൽ കണ്ടത്. വീട്ടിൽ നിന്നും പ്രധാന വഴിയിലേക്ക് 150 മീറ്റർ ദൂരമുണ്ടായിരുന്നു. അയൽവാസികളടക്കം ചേർന്ന് ചുമന്നാണ് ആംബുലൻസിൽ എത്തിച്ചത്. ഇതിനിടെയാണ് വാഹനത്തിന് സമീപം എത്തിയപ്പോഴാണ് അജി കുഴഞ്ഞുവീണത്. രണ്ടുപേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമദ്ധ്യേ മരിച്ചു.
ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലിനോക്കുകയായിരുന്നു സുരേഷ്. ഇരുവരുടെയും മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ.
English Summary
A neighbour who rushed to help a man who collapsed at home also collapsed and died while assisting him to an ambulance in Vandithadam, near Kovalam. The incident occurred on the previous night. Suresh, 44, collapsed at his home, and his neighbour Aji, 52, fell unconscious while helping to place him in the ambulance.




