NEWS
ഗ്യാനേഷിനെതിരെ ഇന്ത്യ സഖ്യത്തിന്റെ ഹർജി; കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മിഷനും സുപ്രീംകോടതി നോട്ടിസ്

ന്യൂഡൽഹി∙ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ ഭരണഘടനാവിരുദ്ധ നടപടികൾക്കെതിരെ ഇന്ത്യസഖ്യം നൽകിയ ഹർജികൾ പരിഗണിച്ച സുപ്രീംകോടതി കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മിഷനും നോട്ടിസ് അയച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ക്രമക്കേടുകൾ ആരോപിച്ച് ഒക്ടോബർ 12ന് സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തിയ സംഭവത്തിൽ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾക്കും സുപ്രീം കോടതി നോട്ടിസ് അയച്ചു. ഡൽഹിയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട 46 ഹർജികളാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരുടെ ബെഞ്ച് പരിഗണിച്ചത്. വിശദമായ വാദം പിന്നീട് നടക്കും.രാഹുൽഗാന്ധി നേതൃത്വത്തിൽ നടന്ന മാർച്ചിലുണ്ടായ ചില സംഭവങ്ങളെക്കുറിച്ച് വാദം നടക്കുമ്പോൾ വിശദീകരണം തേടുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. മാർച്ചിലൂടെ കോടതിയെ ഭയപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നതായി അഭിഭാഷകർ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു പ്രതികരണം. ‘പ്രതിഷേധത്തിനിടെ സുപ്രീം കോടതി വളപ്പിലേക്ക് ജനക്കൂട്ടം എങ്ങനെ പ്രവേശിച്ചുവെന്ന് വിശദീകരിക്കാൻ രാഹുൽ ഗാന്ധിയോട് കോടതി ആവശ്യപ്പെടും’– ചീഫ് ജസ്റ്റിസ് പറഞ്ഞു.
Fashion ⏭️




