NEWS

സൗദിയിൽ വിമാന സർവീസുകൾ മുടങ്ങുന്നത് തുടരുന്നു; കൂടുതൽ നഷ്ടം പ്രാദേശിക വിമാനക്കമ്പനികൾക്ക്


റിയാദ്∙റിയാദ് രാജ്യാന്തര വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണങ്ങളെ തുടർന്ന് സൗദി അറേബ്യയിൽ വിമാന സർവീസുകൾ മുടങ്ങുന്നത് തുടരുന്നു. ഇന്ന് പുറപ്പെടേണ്ടിയിരുന്ന 1,048 സർവീസുകളിൽ 362 എണ്ണം (34.54 ശതമാനം) റദ്ദാക്കുകയോ നോ-ഫ്ലൈ ഗണത്തിൽ പെടുത്തുകയോ ചെയ്തതായി അധികൃതർ വെളിപ്പെടുത്തി.ഇന്നലെത്തേതുമായി താരതമ്യം ചെയ്യുമ്പോൾ സർവീസുകളിലെ തടസ്സം കുറഞ്ഞിട്ടുണ്ട്. ഇന്നലെ നിശ്ചയിച്ചിരുന്ന 1,096 സർവീസുകളിൽ 623 എണ്ണവും (56.84 ശതമാനം) റദ്ദാക്കേണ്ടി വന്നിരുന്നു. ഈ മാസം എട്ടിന് 32.24 ശതമാനവും 9ന് 18.32 ശതമാനവും 10ന് 37.27 ശതമാനവുമായിരുന്നു സർവീസുകളിലെ റദ്ദാക്കൽ നിരക്ക്. റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന് നേരെയും ദമാമിലെ കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തിന് നേരെയും വീണ്ടും ആക്രമണ ശ്രമങ്ങളുണ്ടായതായി സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചു. അതിനിടെ, റിയാദ് വിമാനത്താവളത്തിൽ നടന്ന രൂക്ഷമായ ആക്രമണത്തിൽ സ്വദേശികളും വിദേശികളുമായ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഹൂതികൾ ഏറ്റെടുത്തതോടെ പ്രത്യാക്രമണ ഭീഷണിയും സുരക്ഷാ ആശങ്കയും ശക്തമായിട്ടുണ്ട്.


Fashion ⏭️

Back to top button