പിണറായിക്കും റിയാസിനും വീണയ്ക്കുമെതിരെ മാസപ്പടിയിൽ വിജിലൻസ് കേസെടുക്കൽ തിങ്കളാഴ്ച

തിരുവനന്തപുരം: മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും. ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് നടപടി. തിരുവനന്തപുരത്തെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിനെ അന്വേഷണം ഏൽപ്പിക്കുന്നതാണ് പരിഗണനയിൽ.
മാസപ്പടി നൽകിയ സി.എം.ആർ.എല്ലിന്റെ ആസ്ഥാനം കൊച്ചിയിലായതിനാൽ അവിടെയും അന്വേഷണമുണ്ടാവും. വിവിധ ജില്ലകളിൽ അന്വേഷണം നടത്തേണ്ടതിനാൽ വിവിധ യൂണിറ്റുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തും. പിണറായിക്കെതിരായ ഇ.ഡി റിപ്പോർട്ടും രേഖകളും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിജിലൻസിന് കൈമാറിയിരുന്നു. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദ്ദേശപ്രകാരം എഫ്.ഐ.ആർ തയ്യാറാക്കിയിട്ടുണ്ട്. പിണറായിയെ ഒന്നാം പ്രതിയാക്കിയാവും എഫ്.ഐ.ആറെന്നാണ് സൂചന. കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനടക്കം തിങ്കളാഴ്ച ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്നും അറിയുന്നു. തന്റെ ഭാഗം കേൾക്കാതെയാണ് ഉത്തരവെന്നാവും അപ്പീലിൽ ചൂണ്ടിക്കാട്ടുക. ഡി.ജി.പിക്ക് ഇ.ഡി നൽകിയ കത്തിൽ ഹവാല, കൈക്കൂലി, അധികാരദുർവിനിയോഗം, അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ അടക്കം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇവയെല്ലാം എഫ്.ഐ.ആറിലുണ്ടാവുമെങ്കിലും ഹവാലയും കള്ളപ്പണ ഇടപാടുകളും അന്വേഷിക്കാനാവുക ഇ.ഡിക്കാണ്. വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താലുടൻ അതിന്റെ അടിസ്ഥാനത്തിൽ ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്ത് ഇ.ഡി അന്വേഷണം തുടങ്ങും. അന്വേഷണത്തിൽ കൂടുതൽ കുറ്റകൃത്യങ്ങൾ വെളിവായാൽ ബി.എൻ.എസ് പ്രകാരം കേസെടുക്കുമെന്നും വിജിലൻസ് വ്യക്തമാക്കി.
മാസപ്പടി: നീക്കങ്ങളിൽ
കരുതലോടെ ഇ.ഡി
കൊച്ചി: മാസപ്പടി വിഷയത്തിൽ പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസിനുമെതിരെ നേരിട്ട് അന്വേഷണം നടത്താനുള്ള കടമ്പ മാറിയതോടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) തുടർനടപടികൾ ആരംഭിച്ചു.
ഹൈക്കോടതി ഉത്തരവ് ഇ.ഡി ഉന്നതർ വിലയിരുത്തി. തുടർനീക്കങ്ങൾ കരുതലോടെയും സൂക്ഷ്മതയോടെയും വേണമെന്നാണ് കൊച്ചി യൂണിറ്റിന് ലഭിച്ച നിർദ്ദേശം. പിണറായി വിജയൻ, മുഹമ്മദ് റിയാസ്, കോഴിക്കോട്ട് റെയ്ഡ് ചെയ്യപ്പെട്ടവർ എന്നിവരെ ചോദ്യം ചെയ്യും. കൈപ്പറ്റിയ പണം എവിടെവരെ എത്തിയെന്ന് അന്വേഷിക്കുമെന്നും ഇ.ഡി വൃത്തങ്ങൾ പറഞ്ഞു.
സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് രജിസ്റ്റർ ചെയ്ത കോർപ്പറേറ്റ് തട്ടിപ്പ് കേസിലാണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പി.എം.എൽ.എ) പ്രകാരം ഇ.ഡി കേസെടുത്തത്. ഇല്ലാത്ത സേവനത്തിന് വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസിനു നൽകിയ തുക മുഖ്യമന്ത്രിയായിരുന്ന പിണറായിക്ക് നൽകിയ കൈക്കൂലിയാണെന്ന നിഗമനത്തിലാണ് ഇ.ഡി എത്തിയത്.
അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണത്തിന് സംസ്ഥാന പൊലീസിനോട് ഇ.ഡി ആവശ്യപ്പെട്ടത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. എന്നാൽ, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെയായിരുന്നു അന്വേഷണം. ഇതിൽ ഇ.ഡി യോജിച്ചിരുന്നില്ല. ഹൈക്കോടതി ഉത്തരവ് വന്നതോടെ ലക്ഷ്യം തെളിഞ്ഞ ആശ്വാസത്തിലാണ് ഇ.ഡി ഉദ്യോഗസ്ഥർ.




