NEWS

പ്രശസ്ത മൃദംഗ വിദ്വാൻ ഗുരുവായൂർ ദൊരൈ അന്തരിച്ചു

ഗുരുവായൂർ ദൊരൈ

ചെന്നൈ : പ്രശസ്ത മൃദംഗ വിദ്വാൻ പദ്‌മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു. 91 വയസായിരുന്നു,​ ചെന്നൈയിലായിരുന്നു അന്ത്യം. കർണാടക സംഗീത രംഗത്ത് മൃദംഗ വാദനത്തിലെ സവിശേഷ സാന്നിദ്ധ്യമായിരുന്നു ഗുരുവായൂർ സ്വദേശിയായ ദൊരൈ. എട്ടാം വയസിൽ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കച്ചേരിക്ക് പക്കമേളം വായിച്ചായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. എട്ട് പതിറ്റാണ്ടോളം സംഗീത രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു. പുതുക്കോട്ടൈ ശൈലിയിൽ അഗ്രഗണ്യനായിരുന്നു അദ്ദേഹം.

ജി.എസ്. കൃഷ്ണ അയ്യരുടെയും മീനാക്ഷിയുടെയും മകനായി 1995 ജൂലായ് രണ്ടിന് ഗുരുവായൂരിലായിരുന്നു ജനനം. അഞ്ചാം വയസിൽ പോളിയോ ബാധിതനായതിനെ തുടർന്ന് പഠനം തടസപ്പെട്ടു. തുടർന്ന് പിതാവാണ് മൃദംഗ പഠനത്തിലേക്ക് വഴിതിരിച്ചു വിട്ടത്. പാലക്കാട് സുബ്ബയർ,​ ഇ.പി. നാരായണ പിഷാരടി എന്നിവരുടെ കീഴിലായിരുന്നു ആദ്യകാല പഠനം. 1949ൽ പ്രശസ്ത മൃദംഗ വിദ്വാൻ പളനി സുബ്രഹ്മണ്യം പിള്ളയുമായുള്ള കൂടിക്കാഴ്ചയാണ് ദൊരൈയുടെ ജീവിതത്തിൽ വഴിത്തിരിവായത്. തുടർന്ന് ചെന്നൈയിലേക്ക് താമസം മാറിയ അദ്ദേഹം പളനി സുബ്രഹ്മണ്യം പിള്ളയുടെ വസതിയിൽ 9 വർഷത്തോളം ഗുരുകുല സമ്പ്രദായത്തിൽ താമസിച്ച് മൃദംഗം അഭ്യസിച്ചു.

ക‌ർണാടക സംഗീതലോകത്തെ അതികായരായ എം.എസ്. സുബ്ബലക്ഷ്മി,​ മുസിരി സുബ്രഹ്മണ്യ അയ്യർ,​ ചെമ്പൈ വൈദ്യനാഥ ഭാഗവതർ,​ ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ ,​ എം.ഡി. രാമനാഥൻ,​ എം.യ ബാലമുരളീകൃഷ്ണ,​ ടി.ആർ. മഹാലിംഗ തുടങ്ങിയവരുടെ കച്ചേരികൾക്ക് അദ്ദേഹം മൃദംഗം വായിച്ചു. നിറകുടം എന്ന ചിത്രത്തിലെ നക്ഷത്ര ദീപങ്ങൾ തിളങ്ങി എന്ന പ്രശസ്ത ഗാനത്തിൽ മൃദംഹം വായിച്ചത് ഗുരുവായൂർ ദൊരൈ ആയിരുന്നു,​ 2025ൽ രാജ്യം പദ്‌മശ്രീ നൽകി ആദരിച്ചു. സംഗീത നാടക അക്കാഡമി അവാർഡ്,​ സംഗീത നാടക അക്കാഡമി ടാഗോർ രത്ന പുരസ്കാരം ,​ തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി അവാർഡ് ,​ സംഗീത കലാശിഖാമണി എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Read News ⏭️

Back to top button