NEWS
സിബിഎല്‍ ആറാം സീസണ്‍ അഞ്ചാം മത്സരം: മറൈന്‍ ഡ്രൈവിനെ മാറോട് ചേര്‍ത്ത് മേല്‍പ്പാടം ചുണ്ടന്‍

കൊച്ചി∙ സിബിഎല്‍ മത്സരങ്ങളിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ മത്സരമാണ് കൊച്ചി മറൈന്‍ ഡ്രൈവിലേത്. തുഴവേഗം മാത്രം കൊണ്ട് മറൈന്‍ ഡ്രൈവിനെ കീഴടക്കാനാവില്ലെന്നത് സിബിഎല്‍ ആദ്യ സീസണ്‍ മുതലുള്ള അനുഭവപാഠമാണ്. സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ഐപിഎല്‍ മാതൃകയിലുള്ള ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ.) ആറാം സീസണിലെ തീപാറിയ അഞ്ചാം മത്സരത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ചുണ്ടന്‍(4.08.064 മിനിറ്റ്) വിജയികളായി.ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ മറൈന്‍ ഡ്രൈവിലെ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. എംഎല്‍എ മാരായ ടി ജെ വിനോദ്, ദീപക് ജോയ്, കൊച്ചി നഗരസഭ മേയര്‍ വി. ആര്‍. സുധീര്‍, കലക്ടര്‍ ജി. പ്രിയങ്ക, ടൂറിസം വകുപ്പ് ജോ. ഡയറക്ടര്‍ ഡി. ഗിരീഷ് കുമാര്‍, സിബിഎല്‍ സാങ്കേതിക സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. വിജയികള്‍ക്ക് ടിജെ വിനോദ് എംഎല്‍എ സമ്മാനങ്ങള്‍ വിതരണം ചെയ്തു.ഇതോടെ പോയിന്റ് പട്ടികയില്‍ ഇക്കുറി മേല്‍പ്പാടം ആദ്യമായി മുന്നിലെത്തി. അഞ്ച് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 45 പോയിന്റാണ് അവരുടെ സമ്പാദ്യം. 40 പോയിന്റുമായി അരോമ രണ്ടാം സ്ഥാനത്തും 39 പോയിന്റുമായി വീയപുരം മൂന്നാം സ്ഥാനത്തുമാണ്. ഇക്കൊല്ലത്തെ നെഹൃട്രോഫി ചാമ്പ്യന്‍മാരും സിബിഎല്‍ ആറാം സീസണ്‍ ആദ്യ രണ്ട് മത്സരങ്ങളിലെ വിജയികളുമായ അരോമ ചുണ്ടന് ഇക്കുറി നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തുടര്‍ച്ചയായി ഫൈനലില്‍ എത്തിയിരുന്ന നിരണം ചുണ്ടനും മറൈന്‍ ഡ്രൈവിലെ നെട്ടായത്തിന്റെ വെല്ലുവിളിയെ അതിജീവിക്കാനാകാതെ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇരുട്ടുകുത്തി, വെപ്പ് വള്ളങ്ങളുടെ പ്രാദേശിക മത്സരങ്ങളും ഇതോടനുബന്ധിച്ച് നടത്തി.
Fashion ⏭️




