NEWS

ജന്തർ മന്തറിലെ സമരം: ലാത്തിയും തോക്കും മാത്രമല്ല, അഭ്യർഥനയും ആയുധമാക്കി പൊലീസ്


ന്യൂഡൽഹി∙ ലാത്തിയും പെല്ലറ്റ് തോക്കുമായിരുന്നു കഴിഞ്ഞ ജന്തർ മന്തർ സമരത്തിലെ പ്രധാന ആയുധങ്ങളെങ്കിൽ, വലിയ വിമർശനങ്ങൾ ഒഴിവാക്കാൻ ഇത്തവണ ഡൽഹി പൊലീസ് തന്ത്രപരമായ കരുതലുകളാണെടുക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ‘ബൾക്ക്’ ആയി എത്തിയതാണ് സിജെപിയുടെ ആദ്യസമരത്തെ ദിവസങ്ങളോളം ജന്തർ മന്തറിൽ പിടിച്ചുനിർത്തിയതിന്റെ പ്രധാന ഘടകം. ഇത്തവണ അതിനും തടയിടാനുള്ള നീക്കങ്ങൾ പൊലീസ് നടത്തുന്നുണ്ട്. സ്വിഗ്ഗി, സൊമാറ്റോ, സെപ്റ്റോ തുടങ്ങിയ ആപ്പുകൾ കർശന നിരീക്ഷണത്തിലാണ്. സമരസ്ഥലങ്ങളിലേക്കും സമീപപ്രദേശങ്ങളിലേക്കും പതിവിൽ കവിഞ്ഞ അളവിലുള്ള ഓർഡറുകളുടെ ഉറവിടം പരിശോധിക്കും. 24 മണിക്കൂർ നേരത്തേക്ക് ന്യൂഡൽഹിയിലും നാലുകിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിലും ഇന്റർനെറ്റ് റദ്ദാക്കിയിരിക്കുകയാണ്. പൊലീസിന്റെ പരിശോധന എങ്ങനെ നടക്കുമെന്നത് മറ്റൊരു ചോദ്യം.ഓരോ ജില്ലകളിൽ നിന്നു സെൻട്രൽ‌ ഡൽഹിയിലേക്കു വരുന്നവരെ തടയാനും, തടഞ്ഞിട്ടു നിന്നില്ലെങ്കിൽ കരുതൽ തടങ്കലിലേക്കു മാറ്റാനും നിർദേശമുണ്ടെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. കരുതൽ തടങ്കലിലെടുക്കുന്നവരെ പാർപ്പിക്കാൻ രാജീവ് ഗാന്ധി സ്റ്റേഡിയം, ബവാന, ഛത്രസാൽ സ്റ്റേഡിയങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പൊതുവെ സെൻട്രൽ ഡൽഹിയിലെ സമരങ്ങളിൽ നിന്നു കസ്റ്റഡിയിലെടുക്കുന്നവരെ സംസ്ഥാന അതിർത്തികൾ വരെ ബസിൽ കയറ്റിക്കൊണ്ട് പോയിട്ട് വഴിയിലിറക്കി വിടുന്നതാണ് ഡൽഹി പൊലീസിന്റെ രീതി. എന്നാൽ,  ഇവർ സമരസ്ഥലങ്ങളിലേക്കു തിരിച്ചെത്താതിരിക്കാൻ വിവിധ ജില്ലകളിലെ സ്റ്റേഡിയങ്ങളിലും മൈതാനങ്ങളിലും കരുതൽ തടങ്കലിൽ വയ്ക്കാനാണ് പുതിയ നീക്കം. 


Fashion ⏭️

Back to top button