NEWS
അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദത്തിന് ആഗോള ആദരം: സമാധാന നൊബേൽ നീതിയുടെ കാവലാൾക്ക്; നവി പിള്ളയെന്ന ‘ഉരുക്കുവനിത’യെ അറിയാം

അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമായും ഭരണകൂടങ്ങളുടെ അനീതികൾക്കെതിരെ ഉയരുന്ന ചോദ്യമായും രാജ്യാന്തര നിയമവേദിയിൽ പ്രകാശഗോപുരം പോലെ ഉയർന്നുവന്ന നാമമാണ് നവനീതം നവി പിള്ള. ഏറ്റവും ദുർബലരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ മനുഷ്യർക്കായി ജീവിതം മാറ്റിവെച്ച് നീതിയുടെ പുതിയ ചരിത്രമെഴുതിയ നിയമജ്ഞയാണ് ഇന്ത്യൻ വംശജയായ നവി പിള്ള. 2026ലെ സമാധാന നൊബേൽ നവി പിള്ളയെ തേടിയെത്തുമ്പോൾ അതൊരു വ്യക്തിക്കുള്ള ആദരം മാത്രമല്ല, മറിച്ച് ആടിയുലയുന്ന ആഗോള നിയമവ്യവസ്ഥയ്ക്ക് ലഭിക്കുന്ന കരുത്തുകൂടിയാണ്. നവി പിള്ളയുടെ പതിറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങളെ കുറിച്ചറിയാം.ഡർബനിലെ ‘കരി നിഴലുകളിൽ’ നിന്ന് ഉയർന്നുവന്ന പോരാട്ടം ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ, നരേൻസാമി നായിഡു, ശാന്തമ്മ നായിഡു എന്നിവരുടെ എട്ടു മക്കളിൽ അഞ്ചാമതായി 1941 സെപ്റ്റംബർ 23-നാണ് നവനീതം നവി പിള്ളയുടെ ജനനം. തമിഴ്‌നാട്ടിൽ നിന്ന് 1890കളിൽ ദക്ഷിണാഫ്രിക്കയിലേക്ക് കരാർ തൊഴിലാളിയായി കുടിയേറിയത് നവി പിള്ളയുടെ മുത്തച്ഛനാണ്. പിന്നീട്, അവരുടെ കുടുംബം അവിടെ സ്ഥിരതാമസമായി. വിവേചനത്തിന്റെ കയ്പറിഞ്ഞ ജീവിതമായിരുന്നു അവരുടേത്. നവി പിള്ളയുടെ അച്ഛൻ ബസ് ഡ്രൈവറായിരുന്നെങ്കിലും ജീവിതം തള്ളിനീക്കാനായി എല്ലാ തരം തൊഴിലുമെടുത്തു. തൊലിയുടെ നിറം ഒരു മനുഷ്യന്റെ അവകാശങ്ങളും ജീവിക്കാനുള്ള ആഗ്രഹങ്ങളും തീരുമാനിച്ചിരുന്ന ഒരു കാലഘട്ടത്തിൽ, വിദ്യാഭ്യാസം തന്നെയാണ് ഏറ്റവും വലിയ ആയുധമെന്ന് തിരിച്ചറിഞ്ഞ മാതാപിതാക്കൾ മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ തീരുമാനിച്ചു. ആൺ–പെൺ വ്യത്യാസമില്ലാതെ മക്കൾക്ക് വിദ്യാഭ്യാസം നൽകണമെന്നും അവർ തീരുമാനിച്ചു. കേട്ടുകേൾവി പോലുമില്ലാത്ത കാര്യമായിരുന്നു അക്കാലത്ത് അത്! അങ്ങനെ കുഞ്ഞു നവി പഠിച്ചു. നെറ്റാൾ സർവകലാശാലയിൽ നിന്ന് ബിരുദം നേടി. അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്കും സ്ത്രീകള്‍ക്കുമായി ശബ്ദമുയർത്താനായി, അവൾ പിന്നിട്ട കനൽവഴികളായിരുന്നു അതിനുള്ള ഊർജം.1995-ൽ റുവാണ്ടൻ വംശഹത്യയെക്കുറിച്ച് അന്വേഷിക്കാനും കുറ്റവാളികളെ വിചാരണ ചെയ്യാനുമായി ഐക്യരാഷ്ട്ര സംഘടന രൂപീകരിച്ച ഇന്റർനാഷനൽ ക്രിമിനൽ ട്രൈബ്യൂണൽ ഫോർ റുവാണ്ടയിലെ (ഐസിടിആർ) ഏക വനിതാ ജഡ്ജിയായി അവർ തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് അതിന്റെ പ്രസിഡന്റായും അവർ സേവനമനുഷ്ഠിച്ചു. റുവാണ്ടൻ യുദ്ധത്തിന്റെ ഭീകരതയിൽ ദശലക്ഷക്കണക്കിന് സ്ത്രീകൾ ക്രൂരമായി പീഡിപ്പിക്കപ്പെട്ടപ്പോൾ, അത് കേവലം യുദ്ധത്തിന്റെ ഉപ ഉൽപന്നമല്ലെന്ന് ലോകത്തോട് വിളിച്ച് പറയാൻ നവി പിള്ളയ്ക്ക് ഭയമുണ്ടായിരുന്നില്ല.
Fashion ⏭️




