മാസപ്പടിക്കേസിൽ എപ്‌ഐആർ ഇടാൻ കോടതിവിധി; പിണറായിവിജയൻ പ്രതിപക്ഷനേതൃസ്ഥാനം രാജിവയ്‌ക്കണമെന്ന് ഷോൺ ജോർജ്

ഷോൺ ജോർജ്, കെ എം ഷാജഹാൻ
കൊച്ചി: മാസപ്പടിക്കേസിൽ പിണറായി വിജയനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് അന്വേഷണം വേണമെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് ഷോൺ ജോർജ്. കേസിൽ പിണറായി വിജയൻ കുറ്റക്കാരനാണെന്ന് കോടതിക്ക് ബോദ്ധ്യപ്പെട്ടതിനാലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടതെന്ന് ഷോൺ ജോർജ് പറഞ്ഞു. കോടതിവിധിയുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷനേതാവെന്ന സ്ഥാനത്തിരിക്കാൻ പിണറായിവിജയന് യോഗ്യതയില്ലെന്നും ആ സ്ഥാനം രാജിവയ്‌ക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.
‘ഇന്ന് ആധികാരികമായൊരു കോടതിവിധി ഉണ്ടായിരിക്കുകയാണ്. പിണറായി വിജയൻ അഴിമതി നടത്തിയിട്ടുണ്ടെന്നും പിണറായി വിജയൻ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നുമുള്ള വാദത്തിൽ പൊലീസ് എഫ്ഐആർ ഇടാൻ തയ്യാറാകാത്തതിനെതിരെയാണ് ഇന്ന് കോടതി വിധി ഉണ്ടായിരിക്കുന്നത്. എഫ്ഐആർ ഇട്ട് അന്വേഷണം നടത്തേണ്ട സാഹചര്യം ഉണ്ടെന്ന് എൻഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് സമർപ്പിച്ച രേഖകൾകൂടി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവിട്ടത്.
മുദ്രവച്ച കവറിൽ ഹാജരാക്കിയ രേഖകൾ പരിശോധിച്ച് എഫ്‌ഐആർ ഇടണമെന്ന് കോടതി പറഞ്ഞാൽ അതിന്റെ അർത്ഥം പിണറായി വിജയൻ കുറ്റക്കാരനാണെന്ന് ഹൈക്കോടതിക്ക് ബോദ്ധ്യപ്പെട്ടെന്നാണ്. അതിനാൽ ഒരുനിമിഷംപോലും പ്രതിപക്ഷനേതാവെന്ന സ്ഥാനത്ത് തുടരാൻ പിണറായി വിജയന് അർഹതയില്ല. കാരണം സംസ്ഥാനസർക്കാർ എഫ്ഐആർ ഇട്ട് അന്വേഷിക്കുന്ന ഒരു കേസിൽ പ്രതിയായിട്ടുള്ള ഒരു വ്യക്തിക്ക്, സംസ്ഥാനസർക്കാരിനെതിരെ പ്രതിപക്ഷനേതാവെന്ന നിലയിൽ നിലകൊള്ളാനാകില്ല. അതിനാൽ പിണറായി വിജയൻ ആ സ്ഥാനത്തുനിന്ന് രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം വളരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് ബിജെപി നേതൃത്വം കൊടുക്കും’- ഷോൺ ജോർജ് പറഞ്ഞു.
കോടതി വിധി പുറത്തുവന്നതോടെ മാസപ്പടിക്കേസ് മോദിസർക്കാരിന്റെ ഗൂഢാലോചനയുടെ ഭാഗമാണെന്ന തരത്തിൽ സിപിഎം നടത്തിയിരുന്ന വാദങ്ങൾ പൂർണമായും പൊളിഞ്ഞെന്ന് ഹർജിക്കാരനായ കെ എം ഷാജഹാൻ അഭിപ്രായപ്പെട്ടു. പിണറായിവിജയനും മകൾ വീണയ്‌ക്കും വേണ്ടി 2023ന് ശേഷം കേസ് കോടതിയിലെത്തുന്നത് തടയാനും തള്ളിക്കളയാനുമുള്ള ശ്രമങ്ങൾ സിഎംആർഎൽ കമ്പനി നടത്തിവരികയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.




