AUTO
റോഡിൽ മാസ് കാട്ടാൻ കറുപ്പിലും വെളുപ്പിലും ഹെക്ടർ; എംജിയുടെ പുതിയ സ്റ്റോം സീരീസ് എത്തി!

എംജി മോട്ടോർ ഇന്ത്യയുടെ ഹെക്ടർ ബ്ലാക്ക്‌സ്റ്റോം, സ്‌നോസ്റ്റോം സ്‌പെഷൽ എഡിഷൻ എസ്‌യുവികൾ ഇന്ത്യൻ വിപണിയിലെത്തി. 20 ലക്ഷം രൂപ മുതലാണ് (എക്‌സ്-ഷോറൂം) ഇരു മോഡലുകളുടെയും വില ആരംഭിക്കുന്നത്. പുതിയ എക്സ്റ്റീരിയർ കളർ ഷേഡുകൾ, ഡാർക്ക് തീം ഇന്റീരിയർ, പ്രത്യേക ആക്‌സസറികൾ എന്നിവയാണ് ഈ ലിമിറ്റഡ് എഡിഷൻ മോഡലുകളുടെ പ്രധാന ആകർഷണം. 5 സീറ്റർ ഓപ്ഷനിലും 1.5 ലീറ്റർ പെട്രോൾ സിവിടി എൻജിനിലും മാത്രമാണ് ഈ രണ്ട് എഡിഷനുകളും ലഭ്യമാകുക. ടോപ്പ് വേരിയന്റായ സാവി പ്രോ സിവിടിയേക്കാൾ 35,000 രൂപ അധികമാണ് ബ്ലാക്ക്‌സ്റ്റോം, സ്‌നോസ്റ്റോം പതിപ്പുകൾക്ക്.എംജി ഹെക്ടർ സ്റ്റോം സീരീസ്: മാറ്റങ്ങൾ എന്തൊക്കെ?പേര് സൂചിപ്പിക്കുന്നത് പോലെ ബ്ലാക്ക്‌സ്റ്റോം എഡിഷന് പൂർണ്ണമായും കറുപ്പ് നിറത്തിലുള്ള എക്സ്റ്റീരിയറാണ് നൽകിയിരിക്കുന്നത്. അതേസമയം സ്‌നോസ്റ്റോം എഡിഷന് പേൾ വൈറ്റ് നിറവും റൂഫിന് സ്റ്റാറി നൈറ്റ് ഫിനിഷിങും ലഭിക്കുന്നു. റെഡ് ബ്രേക്ക് കാലിപ്പറുകളോട് കൂടിയ ബ്ലാക്ക് അലോയ് വീലുകൾ, കറുപ്പിൽ പൊതിഞ്ഞ റൂഫ് റെയിലുകൾ, ഗ്രിൽ, ലോഗോയിലെ ഡാർക്ക് ക്രോം ആക്‌സന്റുകൾ, സ്‌കിഡ് പ്ലേറ്റുകൾ, ടെയിൽഗേറ്റ്, ബോഡി സൈഡ് ക്ലാഡിംഗ് എന്നിവയാണ് ഇരു പതിപ്പുകളുടെയും പൊതുവായ പ്രത്യേകതകൾ. എൽഇഡി ഹെഡ്‌ലാമ്പ് ബസലുകൾ കറുപ്പിച്ചിട്ടുണ്ടെന്നതിനൊപ്പം ടെയിൽഗേറ്റിന് പുതിയ സ്മോക്ക്ഡ് ഇഫക്റ്റും നൽകിയിട്ടുണ്ട്.ഉള്ളിലേക്ക് കടന്നാൽ ഡാഷ്‌ബോർഡിലും സീറ്റ് അപ്‌ഹോൾസ്റ്ററിയിലും ബ്ലാക്ക് തീം തുടരുന്നു. ഫ്രണ്ട് സീറ്റ് ഹെഡ്‌റെസ്റ്റുകളിൽ എഡിഷൻ പേര് പതിപ്പിച്ചിട്ടുണ്ട്. പ്രത്യേക ലോഗോകൾ, റെഡ് ടെയിൽഗേറ്റ് ആക്‌സന്റ്, ഫോഗ് ലാമ്പ് ഗാർണിഷ്, റെഡ് ആക്‌സന്റുള്ള ഒആർവിഎം പ്രൊട്ടക്ടറുകൾ, സൈഡ് സ്‌റ്റെപ്പ് ബോർഡുകൾ എന്നിവയടങ്ങുന്ന ‘സ്റ്റോം സീരീസ്’ പാക്കേജും ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം. അതേസമയം മറ്റ് ഫീച്ചറുകളെല്ലാം ടോപ്പ് ട്രിമ്മായ സാവിക്ക് സമാനമായി മാറ്റമില്ലാതെ തുടരുന്നു.എൻജിനും പെർഫോമൻസും1.5 ലീറ്റർ, ഫോർ-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എൻജിനൊപ്പം സിവിടി ഗിയർബോക്‌സ് ഓപ്ഷനിൽ മാത്രമാണ് ബ്ലാക്ക്‌സ്റ്റോം, സ്‌നോസ്റ്റോം പതിപ്പുകൾ ലഭ്യമാകുക. മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ ലഭ്യമല്ല. 143 എച്ച്പി കരുത്തും 250 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നതാണ് ഈ എൻജിൻ. 7 സീറ്റ് ലേഔട്ട് ഒഴിവാക്കി 5 സീറ്റർ കോൺഫിഗറേഷനിൽ മാത്രമാണ് ഈ സ്‌പെഷൽ എഡിഷൻ എസ്‌യുവികൾ പുറത്തിറക്കിയിരിക്കുന്നത്.
Sports ⏭️




