NEWS
തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്സ്പ്രസ് നിലമ്പൂർ വരെ നീട്ടും: പാലക്കാട് ഡിആർഎം

നിലമ്പൂർ ∙ തിരുവനന്തപുരം ഷൊർണൂർ വേണാട് എക്സ്പ്രസ് വൈകാതെ നിലമ്പൂർ വരെ നീട്ടുമെന്ന് പാലക്കാട് ഡിആർഎം മധുകർ റോത്ത് പറഞ്ഞു. നഗരസഭാധ്യക്ഷ പത്മിനി ഗോപിനാഥ് ,നിലമ്പൂർ മൈസൂരു റെയിൽവേ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ എന്നിവരുമായി നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. മേലാറ്റൂർ സ്റ്റേഷനിൽ 24 കോച്ച് പ്ലാറ്റ്ഫോം നിർമാണം പൂർത്തിയായി. ക്രോസിങ് സ്റ്റേഷൻ അടുത്ത മാസം കമ്മിഷൻ ചെയ്യന്നതോടെ ട്രെയിൻ നീട്ടുന്നതിനുള്ള തടസ്സങ്ങൾ മാറുമെന്ന് അദ്ദേഹം പറഞ്ഞു. വേണാട് ഉച്ചയ്ക്ക് 12 ന് ഷൊർണൂരെത്തി 3ന് ആണ് മടങ്ങുന്നത്. ഷൊർണൂരിൽ നിർത്തിയിടുന്ന 3 മണിക്കൂർ ഉപയോഗപ്പെടുത്തി നിലമ്പൂർക്ക് നീട്ടാനാകും. ഇതോടെ രാവിലെ 10നും 3നും ഇടയിൽ നിലമ്പൂർ പാതയിൽ ട്രെയിൻ സർവീസ് ഇല്ലാത്തതിന് പരിഹാരമാകും.നിലമ്പൂർ സ്റ്റേഷനിൽ നഷ്ടത്തിന്റെ പേരിൽ നിർത്തിയ പാഴ്സൽ സർവീസ് പുനരാരംഭിക്കുന്നതും യോഗത്തിൽ ചർച്ചയായി. ലാഭകരമാകുമെന്ന് ഉറപ്പ് കിട്ടിയാൽ സർവീസ് പുനരാരംഭിക്കുമെന്ന് ഡിആർഎം അറിയിച്ചു. ബന്ധപ്പെട്ട വ്യവസായികളുടെ യോഗം വിളിക്കാനും തീരുമാനമായി. വരുമാനം വർധിപ്പിച്ചാൽ പാതയിൽ കൂടുതൽ വികസനം സാധ്യമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൗൺസിൽ പ്രസിഡന്റ് ഡോ.ബിജു നൈനാൻ, കെവിവിഇഎസ് ജില്ലാ വൈസ് പ്രസിഡന്റ് വിനോദ് പി മേനോൻ, ഡിവിഷനൽ റെയിൽവേ കൺസൽറ്റേറ്റീവ് കമ്മിറ്റി അംഗങ്ങളായ ജോഷ്വ കോശി, അനസ് യൂണിയൻ, വ്യവസായി പി.ഇസ്മായിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അതിനിടെ, ചെന്നൈ– പാലക്കാട് എക്സ്പ്രസ് നിലമ്പൂർ വരെ നീട്ടണമെന്നാവശ്യപ്പെട്ട് ഗൂഡല്ലൂർ മുൻ എംഎൽഎ പൊൻ ജയശീലൻ, അനു ഷിനാൻ, തേയില കർഷക സംഘം പ്രസിഡന്റ് ഷാജി ചളിവയൽ എന്നിവരടങ്ങിയ സംഘം നിവേദനം നൽകി. നിലമ്പൂർ നഞ്ചൻകോട് പാത ഗൂഡല്ലൂർ വഴിയാക്കണമെന്നും സംഘം അഭ്യർഥിച്ചു. നിലമ്പൂർ സ്റ്റേഷനിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് ഡിആർഎം മടങ്ങിയത്.ഷൊർണൂർ–നിലമ്പൂർ പാത: വികസന പ്രതീക്ഷയേകി റെയിൽവേ ഡിവിഷൻ മാനേജരുടെ സന്ദർശനം പെരിന്തൽമണ്ണ ∙ ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയിൽ റെയിൽവേ ഡിവിഷൻ മാനേജരുടെ സന്ദർശനം പുതിയ വികസന പ്രതീക്ഷയേകി. ഷൊർണൂർ മുതൽ നിലമ്പൂർ വരെയുള്ള എല്ലാ സ്റ്റേഷനുകളിലും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ആവശ്യങ്ങളും പ്രയാസങ്ങളും പ്രശ്നങ്ങളും ജനങ്ങളിൽ നിന്ന് ചോദിച്ചറിഞ്ഞു. രാജ്യറാണി എക്സ്പ്രസ് ട്രെയിനിലെ വലിയ തിരക്ക് പരിഗണിച്ച് ഒരു വാരാന്ത്യ സ്പെഷൽ ട്രെയിൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഷിജു എം.സാമുവൽ അങ്ങാടിപ്പുറത്ത് വച്ച് നിവേദനം നൽകി.
Fashion ⏭️




