SPORTS
ആത്മീയ നേതാവിന്റെ ആശ്രമം സന്ദർശിക്കാൻ അഞ്ചു കോടി പാരിതോഷികം? ആരോപണത്തിന് മറുപടിയുമായി വിരാട് കോലി

ന്യൂഡൽഹി∙ ആത്മീയ നേതാവ് പ്രേമാനന്ദ് മഹാരാജിന്റെ വൃന്ദാവനിലെ ആശ്രമം സന്ദർശിക്കാൻ കോടികൾ കൈപ്പറ്റിയെന്ന ആരോപണം തള്ളി ഇന്ത്യൻ സൂപ്പർ താരം വിരാട് കോലി. കോലിക്കെതിരായ ആരോപണങ്ങൾ യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്ന് താരത്തിന്റെ വക്താവ് മാധ്യമങ്ങളോടു പറഞ്ഞു. ശ്രീകൃഷ്ണ ജന്മഭൂമി സംഘർഷ് ന്യാസ് എന്ന സംഘടനയുടെ പ്രസിഡന്റായ ഫലാഹരി മഹാരാജാണ് വിരാട് കോലിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് രംഗത്തെത്തിയത്. ആത്മീയ ഗുരുവായ പ്രേമാനന്ദ് മഹാരാജിന്റെ ജനപ്രീതി വർധിപ്പിക്കുന്നതിനായി കോലിയെ ആശ്രമത്തിലേക്കു ക്ഷണിച്ചെന്നും ഇതിനായി താരത്തിന് അഞ്ച് കോടി രൂപ നൽകിയെന്നുമായിരുന്നു വെളിപ്പെടുത്തൽ.വിരാട് കോലിയും അനുഷ്ക ശർമയും രാധാ കേളി കുഞ്ച് ആശ്രമത്തിലെ പതിവ് സന്ദർശകരാണ്. 2023ലാണ് ഇരുവരും ആദ്യമായി ആശ്രമത്തിലെത്തി പ്രേമാനന്ദ് മഹാരാജിനെ കണ്ടത്. പിന്നീട് പല തവണ കോലിയും അനുഷ്കയും ആശ്രമത്തിലെത്തി. ട്വന്റി20, ടെസ്റ്റ് ഫോർമാറ്റുകളിൽനിന്നു വിരമിച്ച ശേഷം വിരാട് കോലി കുടുംബത്തോടൊപ്പം യുകെയിലാണ് താമസിക്കുന്നത്. ഏകദിന മത്സരങ്ങളുള്ളപ്പോൾ മാത്രം ഇന്ത്യയിലെത്തുന്ന കോലി, പരമ്പരയ്ക്കു ശേഷം യുകെയിലേക്കു തന്നെ മടങ്ങിപ്പോകുന്നതാണു പതിവ്.
Auto ⏭️




