LIFESTYLE

‘പഴയ വീട് പൊളിച്ചോ’ എന്ന് അച്ഛൻ,‘പൊളിക്കരുത്’ എന്ന് മകൻ: എന്തോ പന്തികേട് മണത്തു; ഒടുവിൽ കാര്യം പിടികിട്ടി; അനുഭവം


ഏതാണ്ട് എട്ടുപത്തു കൊല്ലം മുൻപാണ് അബുദാബിയിൽ വച്ച് എനിക്കാ കോൾ ലഭിക്കുന്നത്. ” ചേട്ടൻ  അത്യാവശ്യമായി നാട് വരെ ഒന്ന് വരാമോ ..? ഒരു സൈറ്റ് കാണാനാണ്”. ഒരു ശരാശരി പ്രവാസിയെ സംബന്ധിച്ച് ലീവ് കിട്ടുക, ടിക്കറ്റ് എടുക്കുക എന്നതൊക്കെ വലിയ ചടങ്ങാണ്. എങ്കിലും പോയി വരാനുള്ള ടിക്കറ്റ് കിട്ടും എന്ന് കേട്ടപ്പോൾ എന്റെ ഉള്ളിലും ലഡ്ഡു പൊട്ടി. അങ്ങനെ മാനേജരെ സോപ്പിട്ടു കിട്ടിയ അവധിയുമായി ഞാൻ കോഴിക്കോട്ടു വിമാനമിറങ്ങി, നേരെ കണ്ണൂരെ സജിത്തിന്റെ സൈറ്റിലേക്ക് വച്ച് പിടിച്ചു. ഉച്ചഭക്ഷണം കഴിച്ചു, രാത്രി മുഴുവൻ യാത്ര ആയിരുന്നതുകൊണ്ട്  ചെറിയൊരു ഉറക്കവും പാസാക്കി സൈറ്റ് കാണാൻ ഇറങ്ങി, വീടിനോടു ചേർന്ന് തന്നെയാണ് സൈറ്റ്. പക്ഷേ ഒരു പ്രശ്നമുണ്ട്. നിലവിലെ പഴയ ഓടിട്ട വീട് പൊളിച്ചു മാറ്റാതെ വേണ്ടത്ര മുറ്റം പുതിയ വീടിനു കിട്ടില്ല. കിട്ടില്ല എന്നല്ല, പഴയ വീട് പൊളിച്ചു നീക്കിയാൽ കുറച്ചധികം കൂടി മുറ്റം കിട്ടും എന്നർഥം.കഥ തുടങ്ങുന്നത് ഇവിടെനിന്നാണ്.പഴയ വീട് പൊളിച്ചു നീക്കുന്നതിൽ സജിത്തിന്‌ ഒട്ടും താല്പര്യമില്ല. ‘അച്ഛൻ അധ്വാനിച്ചുണ്ടാക്കിയ വീടാണ് – അത് പൊളിച്ചു കളയാൻ പാടില്ല’ എന്നാണ് അയാളുടെ നിലപാട്. എന്നാൽ മകന്റെ ഈ നൊസ്റ്റാൾജിയ ഒന്നും അച്ഛൻ കരുണാകരൻ മാസ്റ്റർക്കില്ല, പഴയ വീട് പൊളിച്ചു കളയാം എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.സാധാരണ തിരിച്ചാണ് കാണാറ് – തങ്ങൾ ബുദ്ധിമുട്ടി നിർമിച്ച വീട് പൊളിച്ചു കളയരുതെന്ന് ആവശ്യപ്പെട്ട എത്രയോ മാതാപിതാക്കളെ ഞാൻ കണ്ടിട്ടുണ്ട്, അങ്ങനെ ആവശ്യപ്പെട്ടവരുടെ ഒട്ടുമിക്ക വീടുകളും ഇന്നും യഥാസ്ഥാനത്തുണ്ട്. അതുകൊണ്ടുതന്നെ എന്തോ ഒരു പന്തികേട് എനിക്ക് ഫീൽ ചെയ്തു, എന്തെങ്കിലും ആകട്ടെ എന്ന് കരുതി ഞാൻ വിഷയം വിടുകയും ചെയ്തു.വൈകുന്നേരം പയ്യാമ്പലം ബീച്ചിനടുത്തു വന്നു ഓരോ ചായ കുടിക്കുമ്പോഴാണ് പൂച്ച പുറത്തു ചാടുന്നത്. സജിത്തിന്റെ അച്ഛൻ കരുണാകരൻ മാഷക്ക് ഒരു പ്രത്യേക സ്വഭാവമുണ്ട്. പുള്ളിക്കാരൻ നല്ലൊരു വായനക്കാരനാണ്, പഴയ കമ്യൂണിസ്റ്റാണ് – മിനിമം മൂന്ന് പത്രം എങ്കിലും ദിവസവും വായിക്കും.സവിശേഷമായി എന്തെങ്കിലും വാർത്ത ഉള്ള ദിവസങ്ങളിലെ പത്രം പുള്ളിക്കാരൻ  സൂക്ഷിച്ചു വയ്ക്കും. ദൈവം തമ്പുരാൻ നേരിട്ട് വന്നു ആവശ്യപ്പെട്ടാലും പുള്ളി അത് ഒഴിവാക്കില്ല. ഭാവിയിൽ എപ്പോഴെങ്കിലും എന്തെങ്കിലും സംശയം ഉണ്ടായാൽ എടുത്തു നോക്കാമല്ലോ എന്നാണ് പുള്ളിയുടെ ന്യായം. മാഷ് ഇത്  ഇന്നോ ഇന്നലെയോ തുടങ്ങിയ ഏർപ്പാടല്ല, വേണ്ടിവന്നാൽ അടിയന്തിരാവസ്ഥക്കാലത്തെ പത്രം വരെ മാഷുടെ കയ്യിൽ കാണും. എന്നാൽ ഇക്കണ്ട കാലത്തിനിടക്ക് ഇക്കൂട്ടത്തിൽ  ഏതെങ്കിലും ഒരു പത്രം മാഷ് വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല.പഴയ വീട് പൊളിക്കുന്നതോടെ ഈ പത്രക്കെട്ട് മുഴുവൻ മാഷ് പുതിയ വീട്ടിലോട്ടു കൊണ്ടുവരും, അതിനായി വലിയൊരു സ്റ്റോറേജ് ഏരിയ ഉണ്ടാക്കേണ്ടിവരും എന്നാണ് സജിത്തിന്റെ പേടി, അത് ഒഴിവാക്കാനാണ്  പുള്ളി നൊസ്റ്റാൾജിയയുടെ നമ്പർ ഇറക്കിയത്. വീടിനുള്ളിലെ സ്റ്റോറേജ് – അതാണ് സത്യത്തിൽ നമ്മുടെ വിഷയം, അതിലേക്ക്  എത്താനാണ് ഞാൻ സജിത്തിനെയും കരുണാകരൻ മാസ്റ്ററെയും ഓർത്തെടുത്തത്.


Cinema ⏭️

Back to top button