SPORTS

കളിക്കണമെങ്കിൽ ഇന്ത്യ മാപ്പ് പറയണമെന്ന് പിസിബി, അതു നടക്കില്ലെന്ന് ഡബ്ല്യുസിഎൽ; ഒടുവിൽ ടൂർണമെന്റിൽനിന്നു പിന്മാറി പാക്കിസ്ഥാൻ


ഷാർജ ∙ ലോക ലെജൻഡ്സ് ചാംപ്യൻഷിപ് മൂന്നാം സീസണിൽനിന്നു പിന്മാറി പാക്കിസ്ഥാൻ. ടീമിന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) നിരാക്ഷേപ പത്രം (എൻഒസി) നൽകാത്തതിനെ തുടർന്നാണ് പിന്മാറ്റം. പാക്കിസ്ഥാൻ ചാംപ്യൻസ് ടീമിന് എൻഒസി നൽകണമെന്ന് ഉടമ കാമിൽ ഖാൻ അഭ്യർഥിച്ചെങ്കിലും പിസിബി ഉറച്ച നിലപാട് സ്വീകരിക്കുകയായിരുന്നു. എൻഒസി നൽകുന്നതിന് കഴിഞ്ഞ വർഷത്തെ വിവാദങ്ങളുമായി ബന്ധപ്പെട്ട് ചില നിബന്ധനകൾ പിസിബി മുന്നോട്ടുവയ്ക്കുകയായിരുന്നു. എന്നാൽ വേൾഡ് ചാംപ്യൻഷിപ്പ ഓഫ് ലെജൻഡ്സ് (ഡബ്ല്യുസിഎൽ) മാനേജ്‌മെന്റ് ഇത് അംഗീകരിച്ചില്ല. ‘‘എൻഒസി നൽകാൻ വിസമ്മതിച്ച പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം നിലനിൽക്കുന്ന സാഹചര്യത്തിൽ, നിലവിൽ നടക്കുന്ന വേൾഡ് ചാംപ്യൻഷിപ് ഓഫ് ലെജൻഡ്‌സിൽ പങ്കെടുക്കാൻ ടീമിന് കഴിയില്ലെന്ന് പാക്കിസ്ഥാൻ ചാംപ്യൻസ് ഖേദപൂർവ്വം അറിയിക്കുന്നു. ക്രിക്കറ്റ് ഇതിഹാസങ്ങളുടെ ഈ ആഗോള കൂട്ടായ്മയിൽ പാക്കിസ്ഥാൻ ചാംപ്യൻസിനെ പ്രതിനിധീകരിക്കാൻ ഞങ്ങളുടെ കളിക്കാർക്ക് അവസരം ലഭിക്കാത്തതിൽ സ്വാഭാവികമായും നിരാശയുണ്ടെങ്കിലും, പിസിബിയുടെ അധികാരത്തെയും അതിന്റെ തീരുമാനത്തെയും ഞങ്ങൾ ബഹുമാനിക്കുന്നു. ഞങ്ങളുടെ കളിക്കാർക്കും പിന്തുണയ്ക്കുന്നവർക്കും ആരാധകർക്കും അവരുടെ ക്ഷമയ്ക്കും സഹിഷ്ണുതയ്ക്കും തുടർച്ചയായ പിന്തുണയ്ക്കും ഞങ്ങൾ ആത്മാർഥമായി നന്ദി പറയുന്നു.’’– ടീം പ്രസ്താവനയിൽ പറഞ്ഞു. 2025ൽ എന്തു സംഭവിച്ചു? ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനെ തുടർന്ന്, 2025 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ നടന്ന ഡബ്ല്യുസിഎലിന്റെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ പാക്കിസ്ഥാൻ ചാംപ്യൻസിനെതിരെ കളിക്കാൻ ഇന്ത്യ ചാംപ്യൻസ് വിസമ്മതിച്ചതാണ് തർക്കങ്ങളുടെ തുടക്കം. മത്സരം റദ്ദാക്കുകയും ഇരുടീമുകൾക്കും ഓരോ പോയിന്റ് വീതം നൽകുകയും ചെയ്തു. സെമി ഫൈനലിലും ഇന്ത്യ നിലപാട് ആവർത്തിച്ചു.


Auto ⏭️

Back to top button