SPORTS
വീണ്ടും യുവിയുടെ സിക്സർ ‘ആറാട്ട്; ഓസീസിനെ തകർത്ത് ഇന്ത്യൻ ലെജൻഡ്സ്, മിന്നി യൂസഫ് പഠാനും- വിഡിയോ

ഷാർജ ∙ ലോക ലെജൻഡ്സ് ചാംപ്യൻഷിപ് ടൂർണമെന്റിൽ ഓസ്ട്രേലിയ ചാംപ്യൻസിനെതിരെ ഇന്ത്യ ചാംപ്യൻസിന് തകർപ്പൻ ജയം. ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ 46 റൺസിനാണ് ഓസീസിനെ ഇന്ത്യ തകർത്ത്. അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ യുവരാജ് സിങ്ങിന്റെ (44 പന്തിൽ 71) തകർപ്പൻ ബാറ്റിങ് മികവിലാണ് ഇന്ത്യയുടെ ജയം. യുവി തന്നെയാണ് പ്ലെയർ ഓഫ് ദ് മാച്ച്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ചാംപ്യൻസ്, 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയ ചാംപ്യൻസ് 16.2 ഓവറിൽ 150 റൺസിന് ഓൾഔട്ടായി. നാലു വിക്കറ്റ് വീഴ്ത്തിയ ധവാൽ കുൽക്കർണിയുടെ പ്രകടനവും ഇന്ത്യൻ വിജയത്തിൽ നിർണായകമായി.മറുപടി ബാറ്റിങ്ങിൽ അർധസെഞ്ചറി നേടിയ ആർസി ഷോർട്ട് (28 പന്തിൽ 65), ജോ ബേൺസ് (32 പന്തിൽ 45) എന്നിവർ മാത്രമാണ് ഓസീസ് നിരയിൽ തിളങ്ങിയത്. ഇവരെ കൂടാതെ രണ്ടക്കം കടന്നത് ജൊനാഥൻ വെൽസ് (7 പന്തിൽ 11) മാത്രമാണ്. ക്യാപ്റ്റൻ ഉസ്മാൻ ഖവാജ് ഗോൾഡൻ ഡക്കായി പുറത്തായി. ധവാൽ കുൽക്കർണി നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ മോഹിത് ശർമ മൂന്നും പീയൂഷ് ചൗള രണ്ടും വിക്കറ്റു വീഴ്ത്തി. ഹർഭജൻ സിങ് ഒരു വിക്കറ്റെടുത്തു.
Auto ⏭️




