SPORTS
വൈഭവിനെ ‘തൊട്ടിലാട്ടി’ അയൂബിന്റെ വിക്കറ്റ് ആഘോഷം, ‘മൈൻഡ്’ ചെയ്യാതെ 15കാരൻ, വെറും ഷോയെന്ന് മുൻ പാക്ക് താരം– വിഡിയോ

നഗോയ∙ ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലെ ഇന്ത്യ– പാക്കിസ്ഥാൻ ഫൈനലിനിടെ ഇന്ത്യൻ ഓപ്പണർ വൈഭവ് സൂര്യവംശിയെ പുറത്താക്കിയപ്പോൾ പാക്ക് താരം സയിം അയൂബ് നടത്തിയ ആഘോഷ പ്രകടനം വൈറൽ. മത്സരത്തിൽ ഒൻപതു പന്തുകൾ നേരിട്ട വൈഭവ്, 15 റൺസെടുത്താണ് പുറത്തായത്. രണ്ടു സിക്സുകൾ ബൗണ്ടറി കടത്തിയ ശേഷം സയിം അയൂബിന്റെ മൂന്നാം ഓവറിലെ ആദ്യ പന്തിൽ പാക്ക് വിക്കറ്റ് കീപ്പർ ഉസ്മാൻ ഖാൻ ക്യാച്ചെടുത്തു വൈഭവിനെ പുറത്താക്കുകയായിരുന്നു. ഇതോടെയാണ് ഒരു കുഞ്ഞിനെ തൊട്ടിലാട്ടി ഉറക്കുന്ന രീതിയിലുള്ള ആഘോഷം സയിം അയൂബ് പുറത്തെടുത്തത്. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ വൈഭവ് സൂര്യവംശി ഡ്രസിങ് റൂമിലേക്കു മടങ്ങിപ്പോയി.അതേസമയം, അയൂബിന്റെ ഈ ആഘോഷപ്രകടനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശമനമുണ്ട്. പാക്കിസ്ഥാൻ മുൻ താരം ക്രമാൻ അക്‌മൽ ഉൾപ്പെടെ ഇതിനെതിരെ രംഗത്തെത്തി. ഇന്നത്തെ കളിക്കാർ കളിയിൽ ശ്രദ്ധിക്കുന്നതിനേക്കാൾ കൂടുതൽ പ്രാധാന്യം നൽകുന്നത് സമൂഹമാധ്യമങ്ങളിലെ ശ്രദ്ധ പിടിച്ചുപറ്റാനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഫൈനലിൽ പാക്കിസ്ഥാനെതിരെ 19 റൺസ് വിജയവുമായാണ് ഇന്ത്യ ഏഷ്യൻ ഗെയിംസ് സ്വർണം നിലനിർത്തിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 211 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 192 റൺസടിക്കാൻ മാത്രമാണ് പാക്കിസ്ഥാനു സാധിച്ചത്. 51 പന്തിൽ 96 റൺസെടുത്ത ഹസൻ നവാസ് അവസാന ഓവർ വരെ പൊരുതിയെങ്കിലും പാക്കിസ്ഥാനെ വിജയത്തിലെത്തിക്കാൻ സാധിക്കാതെ പോകുകയായിരുന്നു.
Auto ⏭️




