NEWS
‘മതമൗലിക വർഗീയ വാദികളുടെ കൂട്’; മലപ്പുറത്തിനെതിരെ പി.നന്ദകുമാറിന്റെ അധിക്ഷേപം; വർഗീയ പരാമർശം പിണറായി വേദിയിലിരിക്കെ

മലപ്പുറം∙ മലപ്പുറത്തിനെതിരെ വർഗീയ പരാമർശവുമായി സിപിഎമ്മിന്റെ മുതിർന്ന നേതാവും മുൻ എംഎൽഎയുമായ പി.നന്ദകുമാർ. മത മൗലിക വർഗീയ വാദികളുടെ കൂടാണ് മലപ്പുറമെന്ന് പൊന്നാനിയിൽ നടന്ന സിപിഎം മലപ്പുറം ജില്ല വിപുലീകൃത കമ്മിറ്റിയുടെ പ്രതിനിധി സമ്മേളനത്തിൽ പി.നന്ദകുമാർ പറഞ്ഞു. സമ്മേളനത്തിൽ സ്വാഗത പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, കെ.കെ.ശൈലജ എന്നിവരടക്കമുള്ള മുതിർന്ന നേതാക്കൾ വേദിയിൽ ഇരിക്കവേയാണ് നന്ദകുമാറിന്റെ അധിക്ഷേപ പരാമർശം.സിപിഎമ്മിന്റെ ജില്ലാതലത്തിലുള്ള സംഘടന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനായാണ് വിപുലീകൃത ജില്ലാക്കമ്മിറ്റി യോഗം ചേർന്നത്. ‘മലപ്പുറം ജില്ലയെ സംബന്ധിച്ചിടത്തോളം സവിശേഷമായ പല സാഹചര്യങ്ങളുമുണ്ട്. മതമൗലിക വർഗീയവാദികളുടെ കൂടാണ് മലപ്പുറം ജില്ല. സ്വാഭാവികമായും അതിനെ പ്രതിരോധിച്ച് മതനിരപേക്ഷ പ്രസ്ഥാനങ്ങളെ യോജിപ്പിച്ച് മുന്നോട്ടു പോകുന്ന കമ്യൂണിസ്റ്റ് പാർട്ടി, പുതിയ കാലത്ത് അതിന്റെ രാഷ്ട്രീയ കടമകൾ എങ്ങനെ ഏറ്റെടുക്കണണെന്ന് പരിശോധിക്കണം. അതിനായാണ് വിപുലീകൃത ജില്ലാക്കമ്മിറ്റി യോഗം ചേരുന്നത്’ – നന്ദകുമാർ പറഞ്ഞു.
Fashion ⏭️




