HEALTH
അസഹ്യമായ വയറു വേദനയും ഛർദ്ദിയും; ഒൻപതുകാരിയുടെ വയറ്റിൽ നിന്ന് കണ്ടെത്തിയത് ഒരു കിലോ തലമുടി | one kilogram of hair found in nine-year-old girl’s stomach

തിരുവനന്തപുരം: നിംസ് മെഡിസിറ്റിയിൽ അപൂർവമായ ‘റാപ്പുൺസെൽ സിൻഡ്രോം’ ബാധിച്ച ഒൻപതുവയസ്സുകാരിയുടെ വയറ്റിൽ നിന്നും ചെറുകുടലിൽ നിന്നും ഒരു കിലോഗ്രാം തൂക്കം വരുന്ന മുടിക്കെട്ട് ശസ്ത്രക്രിയയിലൂടെ വിജയകരമായി പുറത്തെടുത്തു. തുടർച്ചയായ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പീഡിയാട്രിക് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ബിജു ഐ.ജി. നായരുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് ഈ സങ്കീർണ്ണമായ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പരിശോധിച്ച ഡോക്ടർമാർക്ക് അൾട്രാസൗണ്ട് സി.ടി സ്കാനുകളിലൂടെ കുടലിൽ ഗുരുതരമായ തടസ്സം രൂപപ്പെട്ടതായി കണ്ടെത്താനായി. തുടർന്ന് നടത്തിയ എൻഡോസ്കോപ്പി പരിശോധനയിലാണ് വയറ്റിനുള്ളിലും ചെറുകുടലിലുമായി വൻതോതിൽ മുടി അടിഞ്ഞുകൂടിക്കിടക്കുന്നതായി ബോധ്യപ്പെട്ടത്. കുട്ടികൾക്ക് മാനസികസമ്മർദ്ദമോ ഭയമോ ഉണ്ടാകുമ്പോൾ സ്വന്തം മുടി പറിച്ചെടുത്ത് വിഴുങ്ങുന്ന ശീലം വരാറുണ്ട്. ദഹിക്കാത്ത മുടി മാസങ്ങളോളം വയറ്റിൽ തുടരുന്നതിലൂടെയാണ് ഇത്തരത്തിൽ വലിയ മുടിക്കെട്ടുകളായി രൂപപ്പെടുന്നത്. ലോകത്ത് വളരെ അപൂർവമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ് റാപ്പുൺസെൽ സിൻഡ്രോം. എന്നാൽ കൃത്യസമയത്ത് നടത്തിയ ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ വയറ്റിൽ നിന്നും ചെറുകുടലിൽ നിന്നും മുടി പൂർണ്ണമായും നീക്കം ചെയ്യാൻ ഡോക്ടർമാർക്ക് സാധിച്ചു. ശസ്ത്രക്രിയക്കുശേഷം കുട്ടി പൂർണ്ണ ആരോഗ്യവതിയായി തിരികെ വരികയും സാധാരണ രീതിയിൽ ഭക്ഷണം കഴിച്ചു തുടങ്ങുകയും ചെയ്തതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് മടങ്ങി.
Life Style ⏭️




