NEWS

അടൂരിന്റെ ബോംബ്: കോൺ. രണ്ട് തട്ടിൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും പടയൊരുക്കം. തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ നേരിട്ട ക്ഷീണം. നാല് മാസം മാത്രം പിന്നിട്ട യു.ഡി.എഫ് സർക്കാർ ഈ പ്രതിസന്ധികൾ മറി കടക്കാൻ നടത്തുന്ന ശ്രമത്തിനിടെ,. അപ്രതീക്ഷിതമായി യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് പൊട്ടിച്ച ബോംബ് കോൺഗ്രസിനെ രണ്ട് തട്ടിലാക്കി. മുഖ്യമന്ത്രി പക്ഷവും മറുപക്ഷവും.

അടൂർ പ്രകാശിന്റെ ലക്ഷ്യം വി.ഡി.സതീശനാണെന്നും, മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ ചിലർക്കുണ്ടായ മുറിപ്പാടിന്റെ ബാക്കിപത്രമാണെന്നും മുഖ്യമന്ത്രിയെ അനുകൂലിക്കുന്നവർ കരുതുന്നു. എന്നാൽ താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് ഇന്നലെയും അടൂർ പ്രകാശ് ആവർത്തിച്ചതോടെ, വിഷയം കൂടുതൽ സങ്കീർണ്ണമായി. വിഷയത്തിൽ പ്രതികരിച്ച പല മന്ത്രിമാരും പ്രകാശിന്റെ പരസ്യ പ്രതികരണത്തോട് യോജിച്ചില്ലെങ്കിലും, അദ്ദേഹത്തെ തള്ളിപ്പറയാൻ ശ്രമിച്ചില്ല. ബോർഡ്, കോർപ്പറേഷൻ വീതം വയ്പ് നീണ്ടു പോകുന്നതിൽ അതൃപ്തിയിലായിരുന്ന മുസ്ലിം ലീഗ്, ഇന്നലെ അടൂർ പ്രകാശിന്റെ വിമർശനത്തോട് വിയോജിച്ചു. എന്നാൽ കേരള കോൺഗ്രസ് നേതാവായ മന്ത്രി മോൻസ് ജോസഫ് അടൂരിന്റെ നിലപാടിനെ പരസ്യമായി പിന്തുണച്ചു. മറ്റ് ഘടകകക്ഷികൾ മനസ് തുറന്നില്ല.

മന്ത്രി കെ. മുരളീധരനും രാജ് മോഹൻ ഉണ്ണിത്താൻ എം.പിയും അടൂരിനെ തള്ളിപ്പറഞ്ഞു. എന്നാൽ മന്ത്രിമാരായ സണ്ണി ജോസഫും എ.പി.അനിൽകുമാറും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും പ്രകാശിനെ ശരിവച്ചുള്ള തന്ത്രപരമായ നിലപാട് വ്യക്തമാക്കി. മുഖ്യമന്ത്രി ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. കൂടിയാലോചനയില്ലെന്ന പരാതി തനിക്കില്ലെന്ന് പറഞ്ഞ കെ.മുരളീധരൻ, മുഖ്യമന്ത്രി തന്നോട് കൃത്യമായി കാര്യങ്ങൾ പറയുന്നുണ്ടെന്നും വ്യക്തമാക്കി. പറയാനുള്ളത് പത്രക്കാരോടല്ല, പാർട്ടി വേദികളിൽ പറയണമെന്ന് അഭിപ്രായപ്പെട്ട രാജ് മോഹൻ ഉണ്ണിത്താൻ എം.പി, കെ.പി.സി.സി പുനഃസംഘടന നടത്താത്തതിലുള്ള അതൃപ്തിയാണ് പ്രകടിപ്പിച്ചത്. കൂടിയാലോചനയിലൂടെ ഏക ശില പോലെ തീരുമാനങ്ങളുണ്ടാവണമെന്ന തിരുവഞ്ചൂരിന്റെ വാക്കുകളിലുണ്ട് അദ്ദേഹത്തിന്റെ മനസ്. യു.ഡി.എഫ് കൺവീനർ പറഞ്ഞ കാര്യങ്ങൾ തന്റെ പേരിൽ കൂട്ടിച്ചേർക്കേണ്ടെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇന്നലെ പറഞ്ഞത് ക്ഷോഭത്തോടെയാണ്.

പ്രതികരിക്കാതെ

എ.കെ. ആന്റണി

സർക്കാരിന്റെ പല തീരുമാനങ്ങളും യു.ഡി.എഫിൽ ചർച്ച ചെയ്യുന്നില്ലെന്ന കൺവീനർ അടൂർ പ്രകാശിന്റെ പരാമർശത്തിൽ പ്രതികരിക്കാതെ മുതിർന്ന കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി.

കെ.പി.സി.സി ആസ്ഥാനത്ത് ഗാന്ധി ജയന്തി ദിനാചരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹത്തോട് മാദ്ധ്യമങ്ങൾ ഈ വിഷയത്തെക്കുറിച്ച് ആവർത്തിച്ച് ചോദിച്ചിട്ടും, ഗാന്ധി ജയന്തി ദിനാശംസകളെന്ന് മൂന്ന് തവണ ആവർത്തിച്ച ശേഷം അദ്ദേഹം കാറിൽ കയറി പോയി.

Read News ⏭️

Back to top button