NEWS
മൂന്നു മണിക്കൂർ ഗ്യാപ്പിൽ വരുന്ന വേണാട് എക്സ്പ്രസ്, ശ്വാസം പോലും കിട്ടാതെ തിങ്ങിനിറഞ്ഞ കോച്ചുകൾ…

കൊച്ചി ∙ എറണാകുളത്തുനിന്ന് കോട്ടയം ഭാഗത്തേക്കുള്ള ട്രെയിനുകളിൽ വൈകുന്നേരത്തെ തിരക്കിന് പരിഹാരം വൈകുന്നതിൽ യാത്രക്കാർക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. ചവിട്ടുപടിയിൽ തൂങ്ങിക്കിടന്ന് അപകടകരമായ സാഹചര്യത്തിലാണ് തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്ന് വൈകുന്നേരം ട്രെയിനുകൾ പുറപ്പെടുന്നത്. പ്ലാറ്റ്ഫോമിലെ തിരക്ക് നിയന്ത്രിക്കാൻ വൈകുന്നേരങ്ങളിൽ റെയിൽവേ പൊലീസിനെ നിയോഗിച്ചിരുന്നു. പക്ഷേ അതൊന്നും പ്രശ്നത്തിന് പരിഹാരമാകുന്നില്ലെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് കുമാർ ആരോപിച്ചു.തിരക്കുമൂലം സ്ത്രീകളും വിദ്യാർഥികളും പ്രായമായവരുമുൾപ്പെടെ ട്രെയിനിൽ കയറിപ്പറ്റാനാവാതെ മടങ്ങിപ്പോകുന്നത് ഇവിടെ പതിവാണ്. ഉച്ചയ്ക്ക് പരശുറാം കടന്നുപോയാൽ മൂന്നുമണിക്കൂർ ഇടവേളയിലാണ് അടുത്ത സർവീസായ വേണാട് തൃപ്പൂണിത്തുറയിലെത്തുന്നത്. വാതിൽപ്പടി വരെ നിറഞ്ഞെത്തുന്ന വേണാടിൽ ഇരുവശത്തുനിന്നും യാത്രക്കാർ ഇടിച്ചു കയറുകയാണ്. ശ്വാസം പോലും കിട്ടാതെ തിങ്ങിനിറഞ്ഞ കോച്ചുകളിൽ നിന്ന് പിന്നീട് ഇറങ്ങാൻ പോലും കഴിയാതെ യാത്രക്കാർ ബുദ്ധിമുട്ടുകയാണ്.
Fashion ⏭️




