പ്രണയത്തിൽ നിന്ന് പിന്മാറി റിസോർട്ട് റിസപ്ഷനിസ്റ്റിനെ കുത്തിക്കൊലപ്പെടുത്തി

കോഴഞ്ചേരി (പത്തനംതിട്ട): പ്രണയത്തിൽ നിന്ന് പിന്മാറിയ വൈരാഗ്യത്തിൽ റിസോർട്ട് റിസപ്ഷനിസ്റ്റ് ട്രെയിനിയായ യുവതിയെ സുഹൃത്ത് കുത്തിക്കൊന്നു. റിസോർട്ടിൽ നിന്ന് വിളിച്ചിറക്കിയായിരുന്നു അരുംകൊല. കൊല്ലം കുളത്തൂപ്പുഴ ദിൻഷാ മൻസിലിൽ ഷാജഹാന്റെയും ഷീജ ബീവിയുടെയും എകമകൾ ദിൻഷയാണ് (20) കൊല്ലപ്പെട്ടത്. സുഹൃത്ത് കോഴഞ്ചേരി കീഴുകര വെണ്ണപ്ര പാറയിൽ ജിത്തുവിനെ (28) കോയിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ റിസോർട്ട് ജീവനക്കാർ പിടികൂടി കെട്ടിയിട്ടശേഷം പൊലീസിന് കൈമാറുകയായിരുന്നു.
കോഴഞ്ചേരി ‘മാരാമൺ ഇൻ’ റിസോർട്ടിൽ ഇന്നലെ ഉച്ചയ്ക്ക് 2.20നായിരുന്നു സംഭവം. 17 ദിവസം മുമ്പാണ് ദിൻഷ ഇവിടെ ജോലിക്കെത്തിയത്. റിസോർട്ടിന് സമീപത്തെത്തിയ ജിത്തു ദിൻഷയെ മൊബൈലിൽ വിളിച്ച് പുറത്തേക്ക് വരാൻ ആവശ്യപ്പെട്ടു. സംസാരിക്കുന്നതിനിടെ കൈയിൽ കരുതിയ കത്തികൊണ്ട് കഴുത്തിൽ കുത്തുകയായിരുന്നു. നിലത്തുവീണ ദിൻഷയെ വീണ്ടും പലതവണ കുത്തി. നിലവിളികേട്ട് ഓടിയെത്തിയ റിസോർട്ട് ജീവനക്കാർ ദിൻഷയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിന് ആഴത്തിലേറ്റ മുറിവാണ് മരണകാരണം.
കൊല്ലാനുപയോഗിച്ച കത്തി സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്തു. സംഭവ സമയത്ത് പ്രതി ലഹരി ഉപയോഗിച്ചിരുന്നെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ദിൻഷയുടെ പിതാവ് ആക്രി വ്യാപാരിയാണ്. മാതാവ് തൊഴിലുറപ്പ് തൊഴിലാളിയും. ട്രെയിനിംഗ് കഴിയുന്നതോടെ ഈ റിസോർട്ടിൽതന്നെ ജോലിയിൽ പ്രവേശിച്ച് ദിൻഷ തങ്ങൾക്ക് താങ്ങാകുമെന്ന പ്രതീക്ഷയിലായിരുന്നു മാതാപിതാക്കൾ.
കഞ്ചാവ് കേസിൽ
പ്രതിയായി, പിന്മാറി
കോഴഞ്ചേരിയിലെ മറ്റൊരു ഹോട്ടലിൽ ദിൻഷ ജോലി ചെയ്യുമ്പോഴാണ് ജിത്തുവുമായി പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. ജിത്തുവിനെ കഞ്ചാവ് കേസിൽ ആറൻമുള പൊലീസ് പിടികൂടിയതോടെ പ്രണയത്തിൽ നിന്ന് ദിൻഷ പിൻമാറി. പ്രണയം തുടരണമെന്ന് ജിത്തു ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ മുമ്പും വഴക്കുണ്ടായിട്ടുണ്ട്. പ്രണയം തുടരാൻ താത്പര്യമില്ലെന്ന് ഇന്നലെയും ദിൻഷ പറഞ്ഞതാണ് പ്രതിയെ പ്രകോപിപ്പിച്ചത്.




