LIFESTYLE
വീടിനുള്ളിൽ രഹസ്യ ലിഫ്റ്റും വിന്റേജ് കാറുകളുടെ ശേഖരവും! ഇത് സംഗീത ലോകത്തെ ‘അംബാനി’യുടെ വീട്

നവി മുംബൈയിൽ സംഗീതത്തിന്റെ ഈണങ്ങളും കുടുംബബന്ധങ്ങളുടെ ഊഷ്മളതയും അലിഞ്ഞുചേർന്നൊരു ആഡംബര വസതിയുണ്ട്-ഇന്ത്യൻ സംഗീതലോകത്തെ ഇതിഹാസ ഗായകനും സംഗീതസംവിധായകനുമായ ശങ്കർ മഹാദേവന്റെ വീട്. ഭാര്യ സംഗീത, മക്കളായ സിദ്ധാർഥ്, ശിവം എന്നിവർക്കൊപ്പം അഞ്ച് വർഷങ്ങൾക്ക് മുൻപാണ് ശങ്കർ മഹാദേവൻ ഈ സ്വപ്നഭവനത്തിലേക്ക് താമസം മാറിയത്.ചലച്ചിത്ര നിർമാതാവും പ്രശസ്ത നൃത്തസംവിധായികയുമായ ഫറാ ഖാൻ അടുത്തിടെ ശങ്കർ മഹാദേവന്റെ വീട് സന്ദർശിച്ച് ചിത്രീകരിച്ച ‘ഹോം ടൂർ’ വിഡിയോയിലൂടെയാണ് ഈ കൊട്ടാരസമാനമായ വീടിന്റെ വിശേഷങ്ങൾ ലോകമറിഞ്ഞത്. വീടിന്റെ വലുപ്പവും പ്രൗഢിയും കണ്ട ഫറാ ഖാൻ, ബിസിനസ് ഭീമൻ മുകേഷ് അംബാനിയുടെ ഐക്കണിക് വസതിയായ ‘ആന്റിലിയ’യോടാണ് തമാശരൂപേണ ഇതിനെ ഉപമിച്ചത്.രഹസ്യ ലിഫ്റ്റും വിന്റേജ് കാറുകളുടെ ശേഖരവും ആറ് നിലകളിലായി പടുത്തുയർത്തിയ ഈ വീടിന്റെ പ്രധാന സവിശേഷത അതിന്റെ ഭീമാകാരമായ വിസ്തൃതി തന്നെയാണ്. വീടിന്റെ ലോബിയിലെ ഒരു വാതിലിനു പിന്നിലായി ആരും പെട്ടെന്ന് ശ്രദ്ധിക്കാത്ത രീതിയിലാണ് ലിഫ്റ്റ് ക്രമീകരിച്ചിരിക്കുന്നത്. ഈ ലിഫ്റ്റിലൂടെ വസതിയുടെ വിവിധ നിലകളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും. വീടിന്റെ ഗാരിജിൽ ശങ്കറിന്റെ അപൂർവ കാർ ശേഖരങ്ങളുണ്ട്. ഇതിൽ അതിമനോഹരമായ ഒരു വിന്റേജ് ഷെവർലെ കാറും ഉൾപ്പെടുന്നു.വീടിനുള്ളിലെ ഹൈടെക് റെക്കോർഡിങ് സ്റ്റുഡിയോ ഒരു സംഗീതജ്ഞനെ സംബന്ധിച്ചിടത്തോളം സംഗീതമാണ് ജീവവായു. അതുകൊണ്ടുതന്നെ, ദിവസേനയുള്ള യാത്രകൾ ഒഴിവാക്കി സ്വന്തം വസതിയിലിരുന്നുതന്നെ പ്രഫഷനൽ രീതിയിൽ പ്രവർത്തിക്കുന്നതിനായി ശങ്കർ ഒരു ഇൻ-ഹൗസ് റെക്കോർഡിങ് സ്റ്റുഡിയോ ഇവിടെ നിർമിച്ചിട്ടുണ്ട്. ഗ്രാമി അവാർഡ് ജേതാവായ ഈ ഗായകന് തന്റെ പുതിയ പ്രോജക്റ്റുകളുടെ റെക്കോർഡിങ്ങും കമ്പോസിങ്ങും നിർവഹിക്കാൻ ഈ സ്റ്റുഡിയോ സൗകര്യമൊരുക്കുന്നു.അവാർഡ് ഇടവും അടുക്കളയും ശങ്കർ മഹാദേവന്റെ പതിറ്റാണ്ടുകൾ നീണ്ട സംഗീത സപര്യയ്ക്ക് ലഭിച്ച പുരസ്കാരങ്ങൾക്ക് വീട്ടിൽ പ്രത്യേക ഇടം നൽകിയിട്ടുണ്ട്. രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ പെരുമ ഉയർത്തിയ ഗ്രാമി പുരസ്കാരത്തിനും, രാജ്യത്തിന്റെ പരമോന്നത ബഹുമതികളിലൊന്നായ പത്മശ്രീക്കും വേണ്ടി പ്രതേകം ഡിസൈൻ ചെയ്ത പ്രദർശന ഇടം ഇവിടെയുണ്ട്. മികച്ച ഗായകനും സംഗീതസംവിധായകനുമായി അദ്ദേഹത്തിന് ലഭിച്ച നിരവധിയായ ദേശീയ ചലച്ചിത്ര അവാർഡുകളും ഈ ഹാളിൽ അലങ്കാരമായി ശോഭിക്കുന്നു.ഭക്ഷണപ്രിയൻ കൂടിയായ ശങ്കർ മഹാദേവന്റെ വീട്ടിൽ മികച്ച സൗകര്യങ്ങളുള്ള വലിയൊരു അടുക്കളയുണ്ട്. വലിയൊരു ഇൻഡസ്ട്രിയൽ ഗ്രേഡ് അവ്ൻ ആണ് ഇവിടത്തെ പ്രധാന ആകർഷണം. ശങ്കറിന്റെ 50-ാം ജന്മദിനത്തിൽ മകൻ സിദ്ധാർഥ് സമ്മാനിച്ചതാണ് ഈ അവ്ൻ.
Cinema ⏭️




