NEWS
‘ഹമാസിന്റെ ഒക്ടോബർ 7 ആക്രമണം നേരത്തെ അറിഞ്ഞു, രഹസ്യ ചർച്ചകൾ നെതന്യാഹു അറിയിച്ചില്ല’; വെളിപ്പെടുത്തൽ

ജറുസലം ∙ ഹമാസിന്റെ ഒക്ടോബർ 7 ആക്രമണം നടന്ന് മൂന്ന് വർഷത്തോളമാകുമ്പോൾ, ആക്രമണത്തിന് ആഴ്ചകൾക്ക് മുൻപ് ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗത്തിനു മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്ന നിർണായക വെളിപ്പെടുത്തലുമായി മുൻ ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. 2023 ഒക്ടോബർ 7ലെ ആക്രമണത്തിന് ആഴ്ചകൾക്ക് മുൻപ് ഇസ്രയേലിന്റെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റ് വഴിയുള്ള ഒരു രഹസ്യ ചാനലിലൂടെ ഹമാസിന്റെ സന്ദേശം ലഭിച്ചിരുന്നതായി യോവ് ഗാലന്റ് സ്ഥിരീകരിച്ചു. ഹമാസ് നേതാവ് യഹിയ സിൻവർ ഇസ്രയേലിലെ ജയിലുകളെ ഇളക്കിമറിക്കുമെന്ന മുന്നറിയിപ്പാണ് സന്ദേശത്തിലുണ്ടായിരുന്നത്. എന്നാൽ തടവിലാക്കപ്പെട്ട എലിസബത്ത് സുർക്കോവ് എന്ന ഇസ്രയേലി പൗരന്റെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ടതാണ് സന്ദേശമെന്നായിരുന്നു മിലിട്ടറി ഇന്റലിജൻസ് വിലയിരുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രയേൽ മാധ്യമമായ ആർമി റേഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹമാസിന്റെ മുന്നറിയിപ്പിനു പുറമെ, യുദ്ധസമയത്ത് അമേരിക്കൻ ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു നടത്തിയ അതിവരഹസ്യ ചർച്ചകളിൽ നിന്ന് പ്രതിരോധ മന്ത്രിയായിരുന്നിട്ടും തന്നെ മനഃപൂർവം ഒഴിവാക്കിയതായും യോവ് ഗാലന്റ് ആരോപിച്ചു. ബന്ദികളെ മോചിപ്പിക്കുന്നതിനെക്കുറിച്ചും ആയുധശേഖരത്തെക്കുറിച്ചും നെതന്യാഹൂ അമേരിക്കയുമായി നടത്തിയ പല നിർണായക ചർച്ചകളും താൻ അറിഞ്ഞത് അമേരിക്കൻ ഉദ്യോഗസ്ഥർ തന്നെ വിളിച്ച് കാര്യങ്ങൾ സ്ഥിരീകരിക്കാൻ ശ്രമിച്ചപ്പോഴാണ്. അമേരിക്കൻ ഭരണകൂടത്തിനു നെതന്യാഹൂവിലുള്ള വിശ്വാസം വളരെ കുറവായിരുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു.
Fashion ⏭️




