NEWS

ജി​.എസ്.ടി​ ഉന്നതയുടെ വീട്ടിലെ വിജി. റെയ്ഡ് സാമ്പത്തിക ഇടപാടുകളിൽ അടിമുടി അന്വേഷണം 14 ലക്ഷം കൈക്കൂലിപ്പണമെന്ന് നിഗമനം

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പ്രതിയായ സംസ്ഥാന ജി.എസ്.ടി ജോയിന്റ് കമ്മിഷണർ പ്രജനി രാജന്റെ സാമ്പത്തിക ഇടപാടുകൾ അടിമുടി അന്വേഷിക്കാൻ വിജിലൻസ്. ഇവരുടെ ഓഫീസിലും വസതിയിലും കഴിഞ്ഞദിവസം നടത്തിയ മിന്നൽ പരിശോധനയിൽ 14.10 ലക്ഷം രൂപയും 788 യു.എസ് ഡോളറും പിടിച്ചെടുത്തിരുന്നു. ഇത് നികുതിവെട്ടിപ്പുകാരിൽ നിന്ന് കൈക്കൂലിയായി വാങ്ങിയതാണെന്നാണ് വിജിലൻസ് നിഗമനം. പ്രജനിയുടെ ബാങ്ക് അക്കൗണ്ടുകളും പാൻകാർഡ് വിവരങ്ങളും പരിശോധിച്ചുവരികയാണ്. കൊച്ചി നഗരത്തിലെ ചില ബാർ ഹോട്ടലുകളിൽ ഗുരുതര ജി.എസ്.ടി ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് പ്രജനി രാജൻ നിരീക്ഷണത്തിലായിരുന്നു. 2014- 2024 കാലയളവിൽ ഇവർ രണ്ടേമുക്കാൽ കോടിയോളം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി വിജിലൻസിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. രണ്ടുദിവസം മുമ്പ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ച ശേഷമായിരുന്നു മിന്നൽ പരിശോധന. മുറിയിൽ സൂക്ഷിച്ചിരുന്ന പണം മാറ്റാൻ ഉദ്യോഗസ്ഥ ശ്രമിച്ചെങ്കിലും വിജിലൻസ് സംഘം പിടികൂടി. കണ്ടെടുത്ത പണം സ്വന്തം ഉടമസ്ഥതയിലുള്ള ലോഡ്ജിൽ നിന്നുള്ള മാസവരുമാനമാണെന്നും യു.എസ് ഡോളർ യാത്രാ ആവശ്യത്തിനായി കരുതിയതാണെന്നുമാണ് പ്രജനി നൽകിയ മൊഴി. എന്നാൽ ഇതുസംബന്ധി​ച്ച രേഖകൾ ഇവർക്ക് ഹാജരാക്കാനായില്ല. പണവും രേഖകളും ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.

 കുടുക്കിയത് തപാലിലെത്തിയ പരാതി

ജി.എസ്.ടി ജോയിന്റ് കമ്മിഷണർ പ്രജനി രാജനെ കുടുക്കിയത് തപാൽ വഴി ലഭിച്ച പരാതി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സ്വത്ത് സമ്പാദിച്ചുകൂട്ടുന്നുവെന്നായിരുന്നു അഭിഭാഷകന്റെ പേരിലെത്തിയ കത്തിലുണ്ടായിരുന്നത്. വിലാസം വ്യാജമായിരുന്നെങ്കിലും വിജിലൻസ് പരാതി ഗൗരവത്തിൽ എടുക്കുകയായിരുന്നു. പരിശോധനയുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് എറണാകുളം വിജിലൻസ് സ്പെഷ്യൽ സെൽ ഡയറക്ടർക്ക് നൽകും. വിശദമായ റിപ്പോർട്ട് തയ്യാറാക്കിയ ശേഷം പ്രജനിയുടെ വകുപ്പിന് കൈമാറും.

Read News ⏭️

Back to top button