NEWS

പ്രമുഖ കമ്പനികളുടെ ഡാറ്റാ സെന്ററുകൾ തകർത്ത് റഷ്യ, ചരക്കുകപ്പലുകളും ലക്ഷ്യംവച്ചു; ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 6 പേർ


കീവ് ∙ യുക്രെയ്‌നിലെ പ്രമുഖ ഡാറ്റാ സെന്ററുകളെയും ടെലികോം വിനിമയ ശൃംഖലകളെയും ലക്ഷ്യമിട്ട് പുലർച്ചെ റഷ്യ നടത്തിയ ശക്തമായ വ്യോമാക്രമണങ്ങളിൽ കൗമാരക്കാരി ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റതായും എട്ടോളം മേഖലകളിലെ ജനവാസ കേന്ദ്രങ്ങൾക്കും ഊർജ നിലയങ്ങൾക്കും നാശനഷ്ടമുണ്ടായതായും യുക്രെയ്ൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ആക്രമണത്തിൽ സപ്പോറീഷ്യ മേഖലയിൽ മൂന്ന് പേരും തലസ്ഥാനമായ കീവിൽ ഒരാളും കൊല്ലപ്പെട്ടതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി എക്സിലൂടെ അറിയിച്ചു. വടക്കുകിഴക്കൻ മേഖലയായ സുമിയിൽ റഷ്യ നടത്തിയ ബോംബാക്രമണത്തിൽ ഒരു വയോധികയും 16 വയസ്സുള്ള പെൺകുട്ടിയും കൊല്ലപ്പെട്ടതായി പ്രാദേശിക മിലിട്ടറി അഡ്മിനിസ്ട്രേഷൻ മേധാവി ഒലെഗ് ഹ്രിഹോറോവ് റിപ്പോർട്ട് ചെയ്തു. യുക്രെയ്ൻ സായുധ സേനയ്ക്ക് അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്ന വോഡഫോൺ, കീവ്സ്റ്റാർ, ഒമേഗ ടെലികോം എന്നീ പ്രമുഖ കമ്പനികളുടെ ഡാറ്റാ സെന്ററുകൾ തങ്ങൾ ഡ്രോൺ ഉപയോഗിച്ച് വിജയകരമായി തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. കീവിലെ ഒരു പ്രധാന ഡാറ്റാ സെന്ററിനു നേരെ റഷ്യ രണ്ട് തവണ ബോംബാക്രമണം നടത്തിയതായും കീവ്സ്റ്റാറിന്റെ ആശയവിനിമയ ഉപകരണങ്ങൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിനു കേടുപാടുകൾ സംഭവിച്ചതായും യുക്രെയ്ൻ സ്ഥിരീകരിച്ചു. ഇതിനു പുറമെ കീവ്, ഒഡേസ മേഖലകളിലെ മൂന്ന് ലോജിസ്റ്റിക്സ് സെന്ററുകൾക്ക് നേരെയും, ഒഡേസ തുറമുഖത്തേക്ക് വരികയായിരുന്ന രണ്ട് ചരക്കുകപ്പലുകൾക്ക് നേരെയും റഷ്യൻ സൈന്യം ആക്രമണം നടത്തി.


Fashion ⏭️

Back to top button