NEWS

മുണ്ടിലും കണ്ണടയിലും ‘മാറ്റമുണ്ട്’; കെ.എം.ഷാജിയുടെ ചിത്രം എഐയെന്നു താരതമ്യ പരിശോധന


കോട്ടയം ∙ ആഡംബരക്കാറിൽ താൻ ചാരി നിൽക്കുന്നതായി പ്രചരിച്ച ചിത്രം നിർമിത ബുദ്ധിയുടെ (എഐ) സഹായത്തോടെ ഉണ്ടാക്കിയതാണെന്നു മന്ത്രി കെ.എം.ഷാജി മാധ്യമങ്ങളോടു പറഞ്ഞത് ശരിയാണെന്ന് അദ്ദേഹത്തിന്റെ യഥാർഥ ചിത്രങ്ങളുമായി നടത്തിയ താരതമ്യത്തിൽ തെളിയുന്നു. പ്രചരിച്ച ചിത്രത്തിലെ വസ്ത്രധാരണവും മന്ത്രിയുടെ മുഖവും നിൽപിന്റെ  രീതിയും അടക്കം അദ്ദേഹത്തിന്റെ മറ്റു ചിത്രങ്ങളിൽനിന്നു വ്യത്യസ്തമാണെന്ന് താരതമ്യ പരിശോധനയിൽ വ്യക്തമാകുന്നു.സാധാരണഗതിയിൽ മന്ത്രി കെ.എം.ഷാജി ഇടതുവശത്തേക്കാണ് മുണ്ടുടുക്കാറുള്ളത്. എന്നാൽ പ്രചരിച്ച ചിത്രത്തിൽ വലതുവശത്തേക്കാണ് മന്ത്രി മുണ്ടുടുത്തിരിക്കുന്നത്. അതുപോലെതന്നെ മുണ്ടിന്റെ പോക്കറ്റിൽ കൈ ഇട്ട് നിൽക്കുന്നതായാണ് ചിത്രത്തിലുള്ളത്. അപൂർവം ബ്രാൻഡുകൾ മാത്രമേ പോക്കറ്റുള്ള മുണ്ടുകൾ വിപണിയിലിറക്കിയിട്ടുള്ളൂ. മന്ത്രി അത്തരം മുണ്ടുകളല്ല ഉപയോഗിക്കുന്നത്. ഷാജി സാധാരണഗതിയിൽ വാച്ച് കെട്ടുന്ന ആൾ അല്ലെന്നാണ് അദ്ദേഹത്തിന്റെ മറ്റു ചിത്രങ്ങളിൽ നിന്നെല്ലാം കണ്ടെത്താൻ കഴിഞ്ഞത്. എന്നാൽ പ്രചരിക്കുന്ന ചിത്രത്തിൽ അദ്ദേഹം വാച്ച് കെട്ടിയിട്ടുണ്ട്. കൂടാതെ മന്ത്രി കട്ടികൂടിയ ഫ്രെയിം ഉള്ള കണ്ണട ആണ് ഉപയോഗിക്കാറുള്ളത്. എന്നാൽ പ്രചരിക്കുന്ന ഫോട്ടോയിൽ വളരെ നേർത്ത ഫ്രെയിം ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇത്തരം താരതമ്യങ്ങളിൽനിന്ന്, ചിത്രം എഐ നിർമിതമാണെന്ന മന്ത്രിയുടെ വാദം ശരിയാണെന്നു വരുന്നു.


Fashion ⏭️

Back to top button