NEWS

‘ധർമബോധത്തോടെ കർമങ്ങൾ ചെയ്യുക’: മാതാ അമൃതാനന്ദമയിയുടെ 73–ാം പിറന്നാളാഘോഷിച്ച് അമൃതപുരി


കൊല്ലം∙ ജനസാഗരത്തെ സാക്ഷിയാക്കി മാതാ അമൃതാനന്ദമയി ദേവിയുടെ 73–ാം പിറന്നാളാഘോഷിച്ച് അമൃതപുരി. രാവിലെ 7.30ന് അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ സത്സംഗത്തോടെ ചടങ്ങുകൾ തുടങ്ങി. 9 മണിക്ക് അമൃതാനന്ദമയി വേദിയിലെത്തിയതോടെ ഗുരുപാദുക പൂജയും വിശ്വശാന്തി പ്രാർഥനയും നടന്നു. തുടർന്ന് അമൃതാനന്ദമയിയുടെ അനുഗ്രഹ പ്രഭാഷണവും ഭജനയും.‘‘ജനിച്ചു എന്ന ചിന്ത മരിക്കുമ്പോഴാണ് നമ്മുടെ ജീവിതം അർഥപൂർണമാകുന്നത്. അതാണ് ശരിയായ ഉണർവ്, അതാണ് ശരിയായ പുനർജന്മം. മക്കൾ ധർമബോധത്തോടെ കർമങ്ങൾ ചെയ്യുകയും ലോകനന്മയ്ക്കു വേണ്ടി സേവനങ്ങൾ അർപ്പിക്കുകയും ചെയ്യുന്നത് കാണുമ്പോൾ ഞാൻ അതിൽ സന്തോഷിക്കുന്നു. നിസ്വാർഥമായ സേവനത്തിലൂടെ ഈശ്വരപ്രേമത്തിന്റെ പരിശുദ്ധമായ പാലും തേനും പനിനീരും സുഗന്ധവും നമ്മുടെ ഹൃദയത്തിൽ നിറയും’’– പിറന്നാൾ പ്രഭാഷണത്തിൽ മാതാ അമൃതാനന്ദമയി പറഞ്ഞു.അമൃതാനന്ദമയി മഠത്തിന്റെ വരും വർഷത്തേക്കുള്ള 50 കോടി രൂപയുടെ കാരുണ്യ പദ്ധതികൾക്ക് ഇന്ന് അമൃതപുരിയിലെ വേദിയിൽ തുടക്കമായി. നേപ്പാളിൽ മിന്നൽ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അമൃതാനന്ദമയി മഠം നൽകുന്ന രണ്ട് കോടി രൂപ ഇന്ത്യയിലെ നേപ്പാൾ അംബാസഡർ ഡോ.സുരേന്ദ്രഥാപയ്ക്ക് കൈമാറി. തൃശൂർ വെടിക്കെട്ട് ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും കടൽക്ഷോഭത്തെ തുടർന്ന് കൊല്ലം നീണ്ടകരയിലും തിരുവനന്തപുരം മുതലപ്പൊഴിയിലുമുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനുമുള്ള ധനസഹായവും ചടങ്ങിൽ വിതരണം ചെയ്തു.


Fashion ⏭️

Back to top button