NEWS
ചത്ത പശുവിന്റെ ഇറച്ചി വിൽപനയ്ക്ക്; പശുവിനെ എത്തിച്ചത് ഇറച്ചി വ്യാപാരിക്കെന്ന് സംശയം: വാഹനം ഉൾപ്പെടെ പിടിച്ചെടുത്തു

കായംകുളം ∙ നഗരസഭയുടെ അറവുശാലയിൽ ഇറച്ചി വിൽപനയ്ക്കായി എത്തിച്ച ചത്തപശുവിനെ വാഹനം ഉൾപ്പെടെ നഗരസഭാ ആരോഗ്യവിഭാഗം പിടിച്ചെടുത്തു. മുതുകുളം ഭാഗത്ത് അസുഖം ബാധിച്ച് ചത്ത രണ്ട് വയസ്സുള്ള പശുവിനെയാണ് അറവുശാലയിൽ എത്തിച്ചത്. ഇന്നലെയാണ് സംഭവം. അറവുശാലയിൽ ചത്തുപശുവിനെ വിൽപനയ്ക്കായി എത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരം ആരോഗ്യ വിഭാഗത്തിനു ലഭിച്ചിരുന്നു. ഇതേത്തുടർന്ന് നിരീക്ഷണം നടത്തുന്നുണ്ടായിരുന്നു. ഇന്നലെ ഇത്തരത്തിൽ ചത്ത പശുവിനെ വാഹനത്തിൽ കൊണ്ടുവന്ന ഉടൻ നഗരസഭാ ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സുനിൽ, പി.രുദ്ര, ഷബീന എന്നിവരുടെ നേതൃത്വത്തിൽ പിടിച്ചെടുക്കുകയായിരുന്നു.പശുവിന്റെ ജഡം വെറ്ററിനറി ഡോക്ടർ എത്തി പോസ്റ്റ്മോർട്ടം ചെയ്യും. ചത്തപശുവിനെ ഇറച്ചി വ്യാപാരിക്ക്് എത്തിച്ചതാണെന്ന് സംശയിക്കുന്നു. വെറ്ററിനറി ഡോക്ടറുടെ റിപ്പോർട്ട് ലഭിച്ചശേഷം വാഹനം സഹിതം തുടർ നടപടിക്കായി പൊലീസിന് കൈമാറുമെന്നാണ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, ഇറച്ചിവിൽപന നടക്കാത്തതിനാൽ കേസെടുക്കാൻ കഴിയില്ലെന്നാണ് പൊലീസ് നിലപാട്. നഗരസഭയിൽ ആധുനിക രീതിയിലുള്ള അറവുശാലയില്ലാത്തതിനാൽ പരിശോധനയില്ലാതെയാണ് മിക്കപ്പോഴും കശാപ്പുനടത്തുന്നത്. രണ്ട് വർഷത്തിനു മുൻപും ചത്തപശുവിനെ വിൽപനയ്ക്ക് എത്തിച്ചതായി പരാതിയുണ്ട്.
Fashion ⏭️




