NEWS

തട്ടിപ്പിലൂടെ 4000 രൂപ നഷ്ടമായത് ഒരാഴ്ചമുൻപ്; കളഞ്ഞുകിട്ടിയ സ്വർണത്താലി ഉടമയ്ക്കു നൽകി ലോട്ടറി വിൽപനക്കാരി: നന്മയുടെ അമ്പിളിവെട്ടം


മയ്യനാട് (കൊല്ലം)∙ ജീവിക്കാൻ കഷ്ടപ്പെടുന്നതിനിടെ തട്ടിപ്പിനിരയായതാണ്, കരഞ്ഞുതളർന്നതാണ്. പക്ഷേ, ഒരു തട്ടിപ്പുകാരനും കവർന്നെടുക്കാനായില്ല അമ്പിളിയുടെ മനസ്സിന്റെ വെളിച്ചം. ലോട്ടറി വിൽപനക്കാരിയായ മയ്യനാട് ധവളക്കുഴിയിൽ ദ്വാരക വീട്ടിൽ അമ്പിളിയെ കഴിഞ്ഞയാഴ്ചയാണ് അജ്ഞാതൻ ടിക്കറ്റിൽ കൃത്രിമം കാട്ടി കബളിപ്പിച്ചതും 4000 രൂപ തട്ടിയെടുത്തതും. ആ കണ്ണീർതോരും മുൻപേ അമ്പിളിക്ക് ഒരു സ്വർണത്താലി കളഞ്ഞുകിട്ടി. അക്കാര്യം സമീപത്തെ കടകളിൽ അറിയിച്ച അമ്പിളി ഉടമയെത്തിയാൽ തന്നെ വിളിക്കാൻ ഫോൺ നമ്പറും നൽകി. കൊട്ടിയത്തെ ജ്വല്ലറി ഉടമയുടെ സുഹൃത്തിന്റെ താലിയാണു കാറിലേക്കു കയറുമ്പോൾ നഷ്ടപ്പെട്ടത്. ഉടമയുടെ ബന്ധുവെത്തി താലി കൈപ്പറ്റി. അമ്പിളിയുടെ കൈയിൽനിന്ന് ഏതാനും ദിവസം മുൻപാണ് അപരിചിതനായ യുവാവ് ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി 4000 രൂപ കബളിപ്പിച്ചത്. കാരിക്കുഴിക്കും താന്നി മുക്കിനും മധ്യേ വലിയതോട്ടത്തു കാവ് ക്ഷേത്രത്തിനു സമീപത്തു വച്ചാണ് യുവാവ് തന്ത്രപരമായി അമ്പിളിയെ കബളിപ്പിച്ചത്. തനിക്ക് സമ്മാനം ലഭിച്ച ലോട്ടറി ഉണ്ടെന്നും ഇത് എടുത്ത ശേഷം ബാക്കി പണവും ലോട്ടറിയും നൽകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് നമ്പർ പരിശോധിച്ച ശേഷം 4000 രൂപ നൽകുകയും അമ്പിളിയുടെ കയ്യിൽ നിന്നു 100 രൂപയുടെ ലോട്ടറി എടുക്കുകയും ചെയ്തു. വൈകുന്നേരത്തോടെ ലോട്ടറി ടിക്കറ്റ് മാറാനായി കടയിൽ എത്തിയപ്പോഴാണ് ചതി മനസ്സിലായത്.


Fashion ⏭️

Back to top button