SPORTS
കോലിയുടെ സിക്സർ ‘വെടിയുണ്ട’യിൽനിന്ന് ഓടിരക്ഷപ്പെട്ട് ക്യാമറമാൻമാർ, ‘മര്യാദക്കാരൻ’ ആയി രോഹിത്; അടിച്ച് പഠിച്ച് താരങ്ങൾ

തിരുവനന്തപുരം ∙ ധ്യാനനിരതനായ ശിവനും ജാപ്പനീസ് പോരാളിയായ സമുറായിയും ജ്യാമിതീയ രൂപങ്ങളും പച്ചകുത്തിയ കൈക്കരുത്തിൽ വിരാട് കോലി പറത്തിയൊരു സിക്സർ വന്നു പതിച്ചത് കാര്യവട്ടം സ്പോർട്സ് ഹബ് രാജ്യാന്തര സ്റ്റേഡിയം ഗാലറിയിലെ വിഐപി പവിലിയനു മുന്നിൽ! ദൂരത്തിൽ അതിനെ വെല്ലുന്നൊരു സിക്സർ പറത്തിയത് കെ.എൽ.രാഹുലായിരുന്നു. 27ന് ഇവിടെ നടക്കുന്ന ഇന്ത്യ–വെസ്റ്റിൻഡീസ് ഏകദിന മത്സരത്തിനു മുന്നോടിയായി പരിശീലനത്തിനിറങ്ങിയ ഇന്ത്യൻ താരങ്ങൾക്കു മഴയായിരുന്നു കൂട്ട്. വൈകിട്ട് 5.30ന് എത്തിയ ടീം വാം അപ് തുടങ്ങിയതിനു പിന്നാലെ തന്നെ മഴയെത്തി. 15 മിനിറ്റോളം നീണ്ട മഴ മാറിയതോടെ വീണ്ടും പരിശീലനം സജീവമായി. വിരാട് കോലിയും യശസ്വി ജയ്സ്വാളും മുഹമ്മദ് സിറാജും ഫുട്ബോൾ കളിച്ചാണ് വാം അപ് ചെയ്തത്. പിന്നാലെ കോലിയും ഗില്ലും ജയ്സ്വാളും നെറ്റ്സിൽ ബാറ്റിങ് പരിശീലനം ആരംഭിച്ചു.കുൽദീപ് യാദവിനൊപ്പം സിറാജ്, പ്രസിദ്ധ് കൃഷ്ണ, അക്വിബ് നബി, നമൻ ധിർ എന്നിവരാണ് ബോളിങ് പരിശീലനത്തിനായി കൂടുതൽ സമയം ചെലവഴിച്ചത്. ഇന്ത്യൻ താരങ്ങൾക്കൊപ്പം കേരള ക്രിക്കറ്റ് ലീഗിലടക്കം തിളങ്ങിയ മലയാളി താരങ്ങളും നെറ്റ്സ് ബോളർമാരായി പന്തെറിഞ്ഞു.
Auto ⏭️




