HEALTH

ഭക്ഷണം വരില്ല, പക്ഷേ സന്തോഷം വരും! ശ്രദ്ധ നേടി ‘ഡോപ്പമൈൻ വെബ്‌സൈറ്റുകൾ’ | The Viral Website Where You Order But Never Get Food


വിശപ്പുണ്ടോ ഇല്ലയോ എന്നൊന്നും നോക്കണ്ട. സൈറ്റിൽ കയറി നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണം ഓർഡർ ചെയ്യാം. ബിരിയാണി, ബട്ടർ ചിക്കൻ, പിസ്സ അങ്ങനെ എന്തും ഓർഡർ ചെയ്യാം. വിലയും കാണിക്കും, പേയ്മെന്റും ചെയ്യാം, ഡെലിവറി ബോയ് വരുന്നുണ്ടെന്ന് കാണിക്കും. പക്ഷേ ഒരു സാധനം മാത്രം നടക്കില്ല. ഭക്ഷണം ഒരിക്കലും വീട്ടിൽ വരില്ല. കാരണം ഇതെല്ലാം വ്യാജമാണ്. ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്യുന്ന അനുഭവവും സന്തോഷവും മാത്രം നൽകുകയും എന്നാൽ യഥാർത്ഥത്തിൽ ഭക്ഷണം ഡെലിവറി ചെയ്യാതിരിക്കുകയും ചെയ്യുന്ന ഒരു വെബ്‌സൈറ്റാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമാകുന്നത്. രാജസ്ഥാനിലെ ഉദയ്പൂരിൽ നിന്നുള്ള സോഫ്റ്റ്‌വെയർ ഡെവലപ്പർമാരായ പൂർവാംഷ് പർമാർ, അൻഷുൽ ശർമ്മ എന്നിവർ ചേർന്നാണ് ‘ഫുഡ് നെവർ കംസ്’ എന്ന വെബ്‌സൈറ്റ് നിർമിച്ചത്. ജൂണിൽ പ്രവർത്തനം ആരംഭിച്ച ഈ വെബ്‌സൈറ്റിൽ ഇതുവരെ 27 ലക്ഷത്തിലധികം ആളുകളാണ് ഇത് വരെ സന്തോഷം തേടിയെത്തിയത്. ഉപഭോക്താക്കൾക്ക് സൈറ്റിലുള്ള 22 തരം പാചകരീതികളിൽ നിന്നായി 327 വിഭവങ്ങളിൽ നിന്ന് ഇഷ്ടമുള്ളത് കാർട്ടിലേക്ക് ചേർക്കാം. ചെക്കൗട്ട് ചെയ്യുമ്പോൾ ഒരു ഡെലിവറി ഏജന്റ് വഴി ചോദിച്ച് വിളിക്കുന്ന എ.ഐ ശബ്ദസന്ദേശം പോലും ലഭിക്കും. ഭക്ഷണത്തിന് യഥാർത്ഥ പണം നൽകേണ്ടതില്ല, ഭക്ഷണം വീട്ടിലെത്തുകയുമില്ല. ‘ഭക്ഷണം ഓർഡർ ചെയ്യൂ, ബിൽ ഒഴിവാക്കൂ’ എന്നതാണ് സൈറ്റിന്റെ പ്രധാന മുദ്രാവാക്യം. ഇന്റർനെറ്റിൽ പുതിയതായി ഉയർന്നുവരുന്ന ഡൊപ്പമൈൻ സൈറ്റുകൾ എന്ന വിഭാഗത്തിലാണ് ഇത് ഉൾപ്പെടുന്നത്. സാധനങ്ങൾ യഥാർത്ഥത്തിൽ വാങ്ങാതെ തന്നെ, അത് തിരഞ്ഞെടുക്കുന്നതിലൂടെ കിട്ടുന്ന മനഃസുഖമാണ് ഇതിന്റെ ആധാരം. പലപ്പോഴും ആളുകൾ യഥാർത്ഥ വിശപ്പ് കൊണ്ടല്ല ഭക്ഷണം ഓർഡർ ചെയ്യുന്നത്. വിരസത, മാനസിക സമ്മർദം അല്ലെങ്കിൽ ശീലം എന്നിവ കാരണമാണ് ആ ആഗ്രഹം ഉണ്ടാകുന്നത്. ഒരു സാധനം വാങ്ങാൻ പോകുന്നതിന് തൊട്ടുമുമ്പുള്ള കാത്തിരിപ്പാണ് തലച്ചോറിൽ സന്തോഷം നൽകുന്ന ‘ഡോപ്പമൈൻ’ എന്ന രാസവസ്തു ഉത്പാദിപ്പിക്കുന്നത്. സാധനം കൈയിൽ കിട്ടുന്നതിനേക്കാൾ സന്തോഷം അത് കാർട്ടിലേക്ക് തിരഞ്ഞെടുക്കുമ്പോഴാണ് ലഭിക്കുന്നതെന്ന് പഠനങ്ങൾ പറയുന്നു. ദക്ഷിണ കൊറിയയിലാണ് ഈ ആശയത്തിന്റെ തുടക്കം. പൂർവാംഷും അൻഷുലും ചേർന്ന് ‘TripNeverLeaves’ എന്ന മറ്റൊരു വെബ്‌സൈറ്റും ആരംഭിച്ചിട്ടുണ്ട്. ഇതിൽ സൗജന്യമായി വിമാന ടിക്കറ്റും ഹോട്ടലും ബുക്ക് ചെയ്ത് യാത്ര പ്ലാൻ ചെയ്യാം, പക്ഷേ വിമാനം ഒരിക്കലും പറന്നുയരില്ല. ഇത്തരം വെബ്‌സൈറ്റുകൾ അനാവശ്യമായി പണം ചെലവഴിക്കുന്ന ശീലം കുറക്കാൻ സഹായിക്കുമെന്നും, എന്നാൽ ചിലരിൽ ഇത് വാങ്ങലുകളോടുള്ള ആസക്തി കൂട്ടിയേക്കാമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.


Life Style ⏭️

Back to top button