SPORTS
അൻവയ് ദ്രാവിഡ് പ്ലേയിങ് ഇലവനിൽനിന്ന് പുറത്ത്, ‘മിന്നൽ’ തുടക്കവുമായി ആര്യവീർ സേവാഗ്; കളി ജയിപ്പിച്ച് ക്യാപ്റ്റൻ

രാജ്കോട്ട് ∙ ഓസ്ട്രേലിയക്കെതിരെയുള്ള മൂന്നാമത്തെയും അവസാനത്തെയും യൂത്ത് ഏകദിനത്തിൽ ആറു വിക്കറ്റിന്റെ തകർപ്പൻ വിജയത്തോടെ പരമ്പര 3–0നു തൂത്തുവാരി ഇന്ത്യ അണ്ടർ–19 ടീം. ക്യാപ്റ്റൻ ലക്ഷ്യ റായ്ചന്ദാനിയുടെ (106 പന്തിൽ 110*) സെഞ്ചറി കരുത്തിലാണ് ഇന്ത്യയുടെ വിജയം. ആദ്യ മത്സരത്തിൽ ഏഴു റൺസിനും രണ്ടാം മത്സരത്തിൽ ആറ് വിക്കറ്റിനുമായിരുന്നു ഇന്ത്യയുടെ വിജയം. ഇനി ഇരു ടീമുകളും രണ്ട് മത്സരങ്ങളടങ്ങിയ ചതുർദിന യൂത്ത് ടെസ്റ്റ് പരമ്പരയിൽ ഏറ്റുമുട്ടും. ഒന്നാം ടെസ്റ്റ് സെപ്റ്റംബർ 27 മുതൽ 30 വരെയും രണ്ടാം ടെസ്റ്റ് ഒക്ടോബർ 5 മുതൽ 8 വരെയും നടക്കും.ഓപ്പണർ ആര്യവീർ സേവാഗ് 31 പന്തിൽ 5 ഫോറുകളടക്കം 34 റൺസെടുത്തു. ലക്ഷ്യയുമൊത്ത് ഒന്നാം വിക്കറ്റിൽ 58 റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യയ്ക്ക് മികച്ച അടിത്തറയിട്ടു. എന്നാൽ മികച്ച തുടക്കം ലഭിച്ചിട്ടും ഓപ്പണർ ആര്യവീറിന് ഇത്തവണയും വലിയ സ്കോർ കണ്ടെത്താനായില്ല. ആദ്യ ഏകദിനത്തിൽ 28 റൺസും രണ്ടാം ഏകദിനത്തിൽ 47 റൺസുമാണ് ആര്യവീർ നേടിയത്.
Auto ⏭️




