NEWS

ദേശീയപാതയിൽ മൺകൂനയിൽ തട്ടി കാർ തലകീഴായി മറിഞ്ഞത് കഴിഞ്ഞ ദിവസം; എന്നിട്ടും മാറ്റിയില്ല: എന്തൊരു അനാസ്ഥ


ആലപ്പുഴ ∙ അപകടം വിളിച്ചു വരുത്തി ദേശീയപാതയിൽ അശ്രദ്ധമായി കൂട്ടിയിട്ടിരിക്കുന്ന മൺകൂനകൾ. കഴിഞ്ഞ ദിവസം കലവൂരിൽ ദേശീയപാതയുടെ മേൽപാതയിലെ മൺകൂനയിൽ തട്ടി കാർ തലകീഴായി മറിയുകയും ഡ്രൈവർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു ഈ അപകടം. മൺകൂന അവിടെത്തന്നെയുണ്ട്. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി കുഴിച്ചതിന്റെ അവശിഷ്ടങ്ങളും മണ്ണുമാണ് കലവൂരിൽ മേൽപാതയുടെ 2 ഭാഗങ്ങളിലുമായി കൂട്ടിയിട്ടിരുന്നത്. അപായ നാടയും (കോഷൻ ടേപ്) ഒരു ചെറിയ ബാരിക്കേഡും മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. രാത്രി ആവശ്യത്തിനു തെരുവുവിളക്കുകൾ ഇല്ലാത്തതിനാൽ ദൂരെ നിന്നു വരുന്ന വാഹനങ്ങൾക്ക് ഇത് കാണാൻ സാധിക്കില്ല. വാഹനങ്ങൾ അടുത്തെത്തുമ്പോൾ മാത്രമാണ് മൺകൂനയും മറ്റും കാണാനാകുക. കഴിഞ്ഞ ദിവസം രാത്രി കാർ അപകടമുണ്ടായത് അങ്ങനെയാണ്.തൃശൂരിൽ കഴിഞ്ഞ 4ന് ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ദേശീയപാത മേഖലയുടെ സുരക്ഷ പരിശോധിക്കാൻ പ്രത്യേക ടാസ്ക്ഫോഴ്സ് ദേശീയപാതയിലുടനീളം പരിശോധന നടത്തിയിരുന്നു. ഇതേത്തുടർന്ന് ദേശീയപാതയിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാൻ നടപടി സ്വീകരിച്ചെങ്കിലും നിർമാണ ജോലികളുടെ ഭാഗമായി പുതുതായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പൂർണമായി പരിഹരിക്കാൻ സാധിച്ചിട്ടില്ല. കൃത്യമായ സുരക്ഷാ സംവിധാനങ്ങളും ബോർഡുകളും സ്ഥാപിക്കാനും രാത്രി പ്രകാശ സംവിധാനങ്ങൾ ഒരുക്കാനും അടിയന്തര നടപടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.


Fashion ⏭️

Back to top button