NEWS

കേരള തീരത്തെ കപ്പൽ അപകടം: ഇന്ത്യൻ അതിർത്തിയിൽ അല്ലെന്ന് വാൻഹായ്, കേസ് അടുത്ത മാസം പരിഗണിക്കും


കൊച്ചി ∙ കേരള തീരത്ത് അപകടത്തിൽപ്പെട്ട രണ്ടു കപ്പലുകൾ‍ ഉയർത്തുന്ന പാരിസ്ഥിതിക ഭീഷണി ഉൾപ്പെടെയുള്ള കാര്യങ്ങൾ വിലയിരുത്താൻ സാങ്കേതിക സർവെ നടത്തുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് മാരിടൈം അഡ്മിനിസ്ട്രേഷൻ. കടലിൽ മുങ്ങിയ എംഎസ്‍സി എൽസ 3 എന്ന കപ്പലിന്റെയും അതിലെ കണ്ടെയ്‌നറുകളുടെയും നിലവിലെ അവസ്ഥ, അപകടകരമായ ചരക്കുകൾ, പാരിസ്ഥിതി, നാവിക ഭീഷണികൾ എന്നിവ കൃത്യമായി വിലയിരുത്തുന്നതിന് സർവേ നടത്താനുള്ള നടപടികൾ‍ പുരോഗമിക്കുകയാണന്നാണ് ഡിജിഎംഎ ഇന്ന് ഹൈക്കോടതിയെ അറിയിച്ചത്. കേരള തീരത്ത് തീ പിടിച്ച വാൻഹായ് 503 കപ്പൽ തങ്ങൾ ഇന്ത്യൻ സമുദ്രാതിർത്തിക്കുള്ളിൽ അല്ലെന്നും പരിസ്ഥിതി മലിനീകരണ ഭീഷണി ഉള്ളതായി തെളിവില്ലെന്നും വാദിച്ചു. കോൺഗ്രസ് നേതാവ് ടി.എൻ.പ്രതാപൻ അടക്കമുള്ളവർ നൽകിയ പൊതുതാൽപര്യ ഹർജികളാണ് കോടതി മുൻപാകെയുള്ളത്. കേസ് ഇനി വീണ്ടും ഒക്ടോബർ ആറിന് പരിഗണിക്കാനായി ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് മാറ്റി.ഹർജിയിലെ എതിർകക്ഷികളായ ‘വൻ ഹായ് ലൈൻസ്’ തങ്ങളുടെ കപ്പലായ വൻഹായ് 503 നിലവിൽ ഇന്ത്യൻ സമുദ്രാതിർത്തിക്കുള്ളിൽ അല്ലെന്നും അത് തകർന്ന് മുങ്ങിയ അവസ്ഥയിൽ അല്ലെന്നുമുള്ള വാദമാണ് ഉയർത്തിയത്. പരിസ്ഥിതി മലിനീകരണ ഭീഷണി ഉള്ളതായി തെളിവുകളില്ലെന്നും തങ്ങൾ നിർദേശങ്ങളെല്ലാം പാലിച്ചിട്ടുണ്ടെന്നും അതിനാൽ തങ്ങൾക്കെതിരെ ഉത്തരവുകളൊന്നും ആവശ്യമില്ലെന്നും കപ്പൽ കമ്പനി വാദിച്ചു. ഇതിനെ ഹർജിക്കാർ എതിർത്തു. തുടർന്നാണ് കേസ് ഒക്ടോബർ ആറിന് പരിഗണിക്കാനായി മാറ്റിയത്.


Fashion ⏭️

Back to top button