SPORTS
‘സ്റ്റേഡിയത്തിൽ എത്താൻ മാത്രം 3 മണിക്കൂർ യാത്ര ചെയ്തു, ബാറ്റിങ് ദുഷ്കരമായിരുന്നു; സമ്മർദഘട്ടത്തിൽ ഞാൻ കൂടുതൽ തിളങ്ങും’

സാനോ ∙ സുസുകി കപ്പിൽ നേടിയ രണ്ടു റൺസ് വിജയത്തിനു പിന്നാലെ ജപ്പാൻ ക്രിക്കറ്റ് ടീമിനെ പ്രശംസിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ. 2027ലെ ഇന്ത്യ- ജപ്പാൻ നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന സൗഹൃദപോരാട്ടത്തിൽ രണ്ടു റൺസിനാണ് ജപ്പാനെതിരെ ഇന്ത്യ വിജയിച്ചത്. മഴയെ തുടർന്ന് അഞ്ച് ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 32 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ ജപ്പാന് 5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 30 റൺസെടുക്കാനെ സാധിച്ചുള്ളൂ. ‘‘ആദ്യമായി, ഇന്ത്യയും ജപ്പാനും തമ്മിലുള്ള 75 വർഷത്തെ നയതന്ത്ര ബന്ധത്തിന് അഭിനന്ദനങ്ങൾ. ഞങ്ങൾക്ക് ഇതു വളരെ നീണ്ടൊരു യാത്രയായിരുന്നു, സ്റ്റേഡിയത്തിൽ എത്തിച്ചേരാൻ മാത്രം മൂന്നു മണിക്കൂറെടുത്തു. ഈ മത്സരം നടന്നു കാണാൻ ആരാധകർ അത്രയധികം ആഗ്രഹിച്ചിരുന്നു. അഞ്ച് ഓവർ മാത്രമായിരുന്നിട്ടും ഒരു മത്സരം കളിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. മൊത്തത്തിൽ ഇതൊരു ആവേശകരമായ മത്സരമായിരുന്നു, ജപ്പാനും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഉത്തരവാദിത്തത്തോടൊപ്പം സമ്മർദവും വരും, സമ്മർദങ്ങളിൽ ഞാൻ കൂടുതൽ തിളങ്ങാറുണ്ട്… ഇത്തരം സാഹചര്യങ്ങൾ നേരിടാൻ എനിക്കിഷ്ടമാണ്. നമ്മൾ പടിപടിയായി മുന്നോട്ട് പോകേണ്ടത് പ്രധാനമാണ്, ഏഷ്യൻ ഗെയിംസ് വേദിയിലേക്ക് പോയി അവിടുത്തെ സാഹചര്യങ്ങൾ വിലയിരുത്തണം.’’– മത്സരശേഷമുള്ള ചടങ്ങിൽ അയ്യർ പറഞ്ഞു.‘‘പന്ത് നന്നായി തിരിയുന്നുണ്ടായിരുന്നു, ബാറ്റിങ്ങിന് വളരെ ബുദ്ധിമുട്ടേറിയ വിക്കറ്റായിരുന്നു അത്. ഓപ്പണർമാർക്ക് പോലും സ്പിന്നിന്റെ വേഗത കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് സിംഗിളുകളും ഡബിളുകളും എടുക്കുക എന്നതായിരുന്നു എളുപ്പവഴി എന്ന് ഞാൻ തീരുമാനിച്ചു, ഒപ്പം ബാറ്റ് ചെയ്യുന്ന താരവുമായി നിരന്തരം സംസാരിച്ചു.
Auto ⏭️




