NEWS
അരവണ പ്രതിസന്ധി: ‘പ്രചരിക്കുന്നത്ര പ്രശ്നമില്ല’; പലർക്കും ഒരുപാടു താൽപര്യങ്ങളെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്

തിരുവനന്തപുരം∙ ശബരിമലയിൽ കന്നിമാസ പൂജയ്ക്ക് അപ്രതീക്ഷിതമായി കൂടുതൽ ആളുകൾ വന്നതാണ് അരവണ വിതരണത്തിൽ ചെറിയ പ്രതിസന്ധിക്കു കാരണമായതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ. സാധാരണ മാസപൂജയ്ക്ക് രണ്ടര ലക്ഷം ടിൻ അരവണയാണു വേണ്ടിവരുന്നത്. മൂന്നേകാൽ ലക്ഷം ടിൻ തയാറാക്കി വച്ചിട്ടാണ് അരവണ പ്ലാന്റ് ശേഷി വർധിപ്പിക്കുന്നതിനായി അടച്ചത്. രണ്ടു ദിവസം കൂടുതൽ ആളുകൾ എത്തിയപ്പോഴാണ് കുറച്ചു നിയന്ത്രണം വേണ്ടിവന്നത്. അങ്ങനെ ഉണ്ടാകാൻ പാടില്ലായിരുന്നു എന്നതു ശരിയാണ്. സാധാരണ മാസപൂജയ്ക്ക് അഞ്ചു കോടിയാണു വരുമാനം. ഇത്തവണ അത് ഏഴരക്കോടി കടന്നു. അതിന്റെ അർഥം പ്രതീക്ഷിക്കാതെ കൂടുതൽ ആളുകൾ വന്നു എന്നതാണ്.അരവണ പ്ലാന്റിന് ഒന്നര മാസത്തെ അറ്റക്കുറ്റപ്പണികളാണ് ആവശ്യമായി വരുന്നത്. മണ്ഡല മകരവിളക്കു സീസണിൽ പ്രതിദിനം ഒരു ലക്ഷം ടിൻ അധികം തയാറാക്കുന്ന തരത്തിലേക്കു പ്ലാന്റിന്റെ ശേഷി വർധിപ്പിക്കാനുള്ള നടപടികളാണു പുരോഗമിക്കുന്നത്. ഇതു കന്നി മാസ പൂജ കഴിഞ്ഞു ചെയ്യാൻ കഴിയില്ല. ഇപ്പോഴത്തെ പ്രവൃത്തികൾ ഒക്‌ടോബർ പത്തോടെ തീരും. അതിനുശേഷം തുലാമാസ പൂജയ്ക്കുള്ളതും അടുത്ത സീസണിലേക്കു വേണ്ട ബഫർ സ്‌റ്റോക്കും തയാറാക്കാൻ കഴിയും. സീസണിൽ അരവണ ക്ഷാമം ഉണ്ടാകാതിരിക്കാനാണ് പ്ലാന്റിന്റെ ശേഷി വർധിപ്പിക്കുന്നതെന്നും ജയകുമാർ പറഞ്ഞു.
Fashion ⏭️




