NEWS

വിസയില്ല, മതിയായ രേഖകളുമില്ല; ബംഗ്ലാദേശ് പൗരൻ നാവിക അക്കാഡമിയിൽ കയറിക്കൂടിയത് ഭാര്യാ പിതാവ് വഴി

ബിപ് ലോബ് സോറൻ

കണ്ണൂര്‍: ഏഴിമല നാവിക അക്കാഡമിയിൽ നിന്നും പിടിയിലായ ബംഗ്ലാദേശ് പൗരൻ അലക്ക് ശുചീകരണ തൊഴിലാളിയായി അക്കാദമിയിൽ എത്തിയത് ഭാര്യയുടെ പിതാവ് വഴി. ബംഗ്ലാദേശ് പൗരൻ അനിൽ സോറന്റെ മകൻ ബിപ് ലോബ് സോറനെയാണ് (32) നാവിക അക്കാഡമിയിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയത്. ഭാര്യയുടെ പിതാവിന്റെ പരിചയക്കാരനാണ് സോറന് ജോലി തരപ്പെടുത്തിക്കൊടുത്തത്.

ബംഗ്ലാദേശ് പൗരത്വം മറച്ചുവെച്ച് മതിയായ രേഖകളോ വിസയോ ഇല്ലാതെ താമസിച്ചു വരുന്നതിനിടെയാണ് നാവികസേന അധികൃതർ ഇയാളെ പിടികൂടിയത്. ഇയാളുടെ കൊൽക്കത്ത സ്വദേശിനിയായ ഭാര്യയും ക്ലീനിംഗ് സെക്ഷനിൽ ജോലി ചെയ്യുന്നുണ്ട്. ഒരു കുട്ടിയുമായി ഇവർ കുടുംബസമേതം താമസിച്ചുവരികയായിരുന്നു.

ബിപ് ലോബ് സോറൻ 10-ാം തരം വരെ നാട്ടിൽ പഠിച്ചിരുന്നതായി പൊലീസ് പറയുന്നു. ശേഷം മുർഷിദാബാദിലെത്തി കൊൽക്കത്തയിൽ ഉൾപ്പെടെ പണിയെടുത്തു. പിന്നീട് ഗുജറാത്തിലെയും ഛത്തീസ്ഗഢിലെയും ചില സ്ഥലങ്ങളിലും മുംബയിലുമെത്തി. പെരുമാറ്റത്തിൽ സംശയം തോന്നിയ ഇയാളെ വെള്ളിയാഴ്ച നാവിക അക്കാദമി ഉദ്യോഗസ്ഥർ മണിക്കൂറുകളോളം ചോദ്യം ചെയ്തു. അതോടെയാണ് ബംഗ്ലാദേശ് പൗരത്വരേഖകളും മറ്റും കണ്ടെത്തിയത്. നാവികസേനാ അധികൃതരുടെ വിശദ പരിശോധനയ്ക്കും തെളിവെടുപ്പിനും ശേഷം ബിപ് ലോബ് സോറനെ പയ്യന്നൂർ പൊലീസിന് കൈമാറി.

പൊലീസ് ചോദ്യം ചെയ്യലിൽ ഇയാൾ കേരളത്തിലെ വിവിധയിടങ്ങളിൽ താമസിച്ച് ജോലി ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ കയ്യിലുണ്ടായിരുന്ന ഫോണും രേഖകളും പരിശോധിച്ച സംഘം വ്യാജരേഖ ഹാജരാക്കി അനധികൃതമായി രാജ്യത്ത് താമസിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ രാജ്യദ്രോഹ കുറ്റവും ചുമത്തിയേക്കും. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയ്ക്ക് കൈമാറും.

English Summary

A Bangladeshi citizen who was working as a cleaning staff member at the Ezhimala Naval Academy in Kannur was arrested after authorities discovered that he was staying in India without valid documents or a visa. Police said Bip Lob Soren, 32, got the job through an acquaintance of his father-in-law.
RELATED TOPICS: BANGLADESH CITIZEN, EZHIMALA NAVAL ACADEMY, BIP LOB SOREN, PAYYANNUR POLICE, ILLEGAL STAY

Read News ⏭️

Back to top button