NEWS

പൊലീസ് സ്റ്റേഷനുകളിൽ സിഐമാർക്ക് ഓഫിസ്: പക്ഷേ, സൗകര്യങ്ങളില്ല; ഒരു മുറിയിൽ എല്ലാവരും ഒന്നിച്ച്


കൊല്ലം ∙ സ്റ്റേഷനിൽ പുതിയ സിഐ വന്നെങ്കിലും പഴയ സ്റ്റേഷൻ ആയതിന്റെ ‘അസൗകര്യ’മാണ് ജില്ലയിലെ പൊലീസിനുള്ളത്. പുതിയ എസ്എച്ച്ഒ സംവിധാനം ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ നടപ്പാക്കി പുതിയ സർക്കിൾ ഇൻസ്പെക്ടർമാരെ നിയോഗിച്ചെങ്കിലും അവർക്ക് ഓഫിസ് കണ്ടെത്താൻ പലയിടത്തും കഴിഞ്ഞില്ല. ആവശ്യമായ ഓഫിസ് മുറി, ജീവനക്കാർ, ഫർണിച്ചർ, ഐടി. സംവിധാനങ്ങൾ എന്നിവ ഒരുക്കേണ്ടതുണ്ട്.ചവറയിൽ സർക്കിൾ ഓഫിസ് ക്വാർട്ടേഴ്സിൽ ചവറ പൊലീസ് സർക്കിൾ നിലവിൽ വന്നെങ്കിലും കെട്ടിടത്തിന്റെ അപര്യാപ്തത കാരണം പ്രവർത്തനം പൂർണതോതിൽ സജ്ജമായില്ല. തൽക്കാലം സ്റ്റേഷൻ കോംപൗണ്ടിലെ തെക്കേ കെട്ടിടത്തിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്. ദേശീയപാതയുടെ പടിഞ്ഞാറുവശത്തെ സിഐയുടെ ക്വാർട്ടേഴ്സായി ഉപയോഗിച്ചിരുന്ന കെട്ടിടം നവീകരിച്ച് അവിടേക്ക് ഓഫിസ് പ്രവർത്തനം മാറ്റാൻ ആഭ്യന്തര വകുപ്പ് അനുമതി നൽകിയിട്ടുണ്ട്. നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി. ഇതിനു സമീപത്തെ പൊലീസ് ഉദ്യോഗസ്ഥന്റെ ക്വാർട്ടേഴ്സിലേക്കാണ് സിഐ ഓഫിസ് ഇപ്പോൾ മാറ്റുന്നത്.പുതിയ കെട്ടിടവും വാഹനവുമെത്തി; കംപ്യൂട്ടറില്ലാതെ കരുനാഗപ്പള്ളി നിർമാണം പൂർത്തിയായ പുതിയ കെട്ടിടവും ആവശ്യമായ ഫർണിച്ചറും പുതിയ ഔദ്യോഗിക വാഹനവും ഓഫിസിന് അനുവദിച്ചിട്ടുണ്ട്. ഇൻസ്‌പെക്ടർ ഉൾപ്പെടെ ആറ് ജീവനക്കാരാണ് നിലവിൽ ഇവിടെ സേവനമനുഷ്ഠിക്കുന്നത്. എന്നാൽ, ദൈനംദിന ഓഫിസ് പ്രവർത്തനങ്ങൾക്കും കേസുകളുടെ ഡിജിറ്റൽ രേഖകൾ കൈകാര്യം ചെയ്യുന്നതിനും ആവശ്യമായതോതിൽ കംപ്യൂട്ടറോ അനുബന്ധ ഇലക്ട്രോണിക് ഉപകരണങ്ങളോ ഇതുവരെ ലഭ്യമാക്കിയിട്ടില്ല. ഓൺലൈൻ സംവിധാനങ്ങളും ഫയൽ കൈമാറ്റങ്ങളും പൂർണമായും ഡിജിറ്റലായ ഇക്കാലത്ത്, അടിസ്ഥാന സാങ്കേതിക സൗകര്യങ്ങൾ ഇല്ലാത്തത് ഉദ്യോഗസ്ഥരെയും ബുദ്ധിമുട്ടിലാക്കുന്നു.


Fashion ⏭️

Back to top button