NEWS
വിവാഹച്ചടങ്ങിന് ഭക്ഷണം എത്തിക്കാത്ത സംഭവം: കേറ്ററിങ് നടത്തിപ്പുകാരൻ കസ്റ്റഡിയിൽ

കോട്ടയം ∙ വിവാഹച്ചടങ്ങിനു ഭക്ഷണം എത്തിക്കാതെ മുങ്ങിയ കേസിൽ, കാഞ്ഞിരപ്പള്ളിയിൽ ‘ഉദയം’ കേറ്ററിങ് ഏജൻസി നടത്തിയിരുന്ന കാളകെട്ടി മാഞ്ഞുക്കുളം ചക്കുംപറമ്പിൽ വിഷ്ണു മോഹനനെ കോട്ടയം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ 13ന് ചോറ്റി, കഞ്ഞിക്കുഴി എന്നിവിടങ്ങളിൽ നടന്ന വിവാഹച്ചടങ്ങുകൾക്കാണ് ഇയാൾ പണം വാങ്ങിയ ശേഷം ഭക്ഷണം എത്തിക്കാതിരുന്നത്.കഞ്ഞിക്കുഴി സ്വദേശിയായ വധുവിന്റെ ബന്ധുക്കളുടെ പരാതിയിലാണ് ഇന്നലെ വൈകിട്ടോടെ ഇയാളെ കസ്റ്റഡിയിൽ എടുത്തത്. മുണ്ടക്കയം പനക്കച്ചിറ സ്വദേശിയായ വധുവിന്റെ ബന്ധുക്കൾ നൽകിയ പരാതിയിൽ മുണ്ടക്കയം പൊലീസ് ഇന്നലെ കേസ് റജിസ്റ്റർ ചെയ്തു. ചോറ്റി ക്ഷേത്രത്തിൽ നടത്തിയ വിവാഹത്തിൽ 400 ആളുകൾക്കുള്ള സദ്യയ്ക്ക് 1.4 ലക്ഷം രൂപ വിഷ്ണു മുൻകൂർ വാങ്ങിയിരുന്നു. കഞ്ഞിക്കുഴി സ്വദേശിയായ യുവതിയുടെ വിവാഹത്തിന് 250 ആളുകൾ പങ്കെടുക്കുന്ന ചടങ്ങിൽ ഭക്ഷണം സ്റ്റേജ് തുടങ്ങിയ എല്ലാ കാര്യങ്ങൾക്കുമായി ഒരു ലക്ഷം രൂപയുടെ കരാറായിരുന്നു എടുത്തിരുന്നത്. തട്ടിപ്പ് വിവരം പുറത്തു വന്നതോടെ സമൂഹമാധ്യമങ്ങൾ വഴി കൂടുതൽ ആളുകൾ ഇയാൾക്കെതിരെ ആരോപണങ്ങൾ ഉയർത്തിയിരുന്നു.
Fashion ⏭️


