NEWS
സ്കൂട്ടറിൽ പോകുന്ന സ്ത്രീകളെ പിന്തുടരും; ബൈക്കിലെത്തി സ്വർണമാല പൊട്ടിക്കുന്ന യുവാക്കൾ പിടിയിൽ

കൊല്ലം ∙ സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന സ്ത്രീകളെ ബൈക്കിൽ പിന്തുടർന്ന് സ്വർണമാല പൊട്ടിച്ചെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ. പട്ടത്താനം ജവഹർ ജംക്ഷനിൽ സജീർ മൻസിലിൽ മുഹമ്മദ് താരിഖ് (28), ഇരവിപുരം കയ്യാലക്കൽ ഫാത്തിമ മൻസിലിൽ മാഹീൻ (25) എന്നിവരാണ് അറസ്റ്റിലായത്. ബുധൻ രാത്രി 8 മണിയോടെ ശക്തികുളങ്ങര കപ്പിത്താൻ ജംക്ഷന് സമീപം ആയിരുന്നു സംഭവം. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചെടുത്ത് പ്രതികൾ കടന്നുകളയുകയായിരുന്നു. ഇതേ ദിവസം കണ്ണനല്ലൂർ വടക്കേമുക്കിൽ വെച്ച് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു സ്ത്രീയുടെ കഴുത്തിൽ നിന്നും പ്രതികൾ 6 പവൻ തൂക്കമുള്ള സ്വർണമാലയും മോഷ്ടിച്ചു.പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ശക്തികുളങ്ങര, കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വ്യാഴം രാവിലെ കൊല്ലം ഈസ്റ്റ് പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉളിയകോവിലുള്ള സ്വകാര്യ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. പ്രതികൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മോഷണം, കവർച്ച ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട്. പ്രതിയായ മാഹീനെതിരെ കാപ്പാ കേസും ചുമത്തി. കൊല്ലം ഈസ്റ്റ് പൊലീസ് ആണ് പ്രതികളെ പിടികൂടിയത്. തുടർന്ന് ശക്തികുളങ്ങര പൊലീസിന് കൈമാറുകയായിരുന്നു.
Fashion ⏭️


