NEWS
ഗോവിന്ദനെതിരെ നടപടി: സെക്രട്ടേറിയറ്റിലെ എതിർപ്പ് പിബി വകവച്ചില്ല, അന്ത്യം ശാസന

തിരുവനന്തപുരം ∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ അച്ചടക്ക നടപടിയെടുക്കാനുള്ള പൊളിറ്റ്ബ്യൂറോ നിർദേശം നടപ്പാക്കിയത് സംസ്ഥാന സെക്രട്ടേറിയറ്റിലെ എതിർപ്പ് മറികടന്ന്. പിബിയുടെ തീരുമാനം ജനറൽ സെക്രട്ടറി എം.എ.ബേബി റിപ്പോർട്ട് ചെയ്തപ്പോൾ സെക്രട്ടേറിയറ്റ് യോഗത്തിൽ ശക്തമായ വിയോജിപ്പുണ്ടായി. എന്നാൽ തീരുമാനത്തിൽ പിബി ഉറച്ചുനിന്നു. കേന്ദ്ര–സംസ്ഥാന നേതൃത്വങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് കോഴിക്കോട്ടെ വിശാലസമിതി യോഗത്തിന്റെ സമാപനദിവസം രാവിലെ ചേർന്ന സെക്രട്ടേറിയറ്റിലുണ്ടായത്.തളിപ്പറമ്പ് സീറ്റിൽ ഭാര്യ പി.കെ.ശ്യാമളയെ സ്ഥാനാർഥിയായി തീരുമാനിച്ചപ്പോൾ സംഘടനാ തത്വങ്ങൾ പാലിച്ചില്ലെന്നതടക്കമുള്ള വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് തിങ്കളാഴ്ച രാത്രി ചേർന്ന പിബി യോഗം ഗോവിന്ദനെ ശാസിക്കാൻ തീരുമാനിച്ചത്. തളിപ്പറമ്പിലും പയ്യന്നൂരിലും ജില്ലാ നേതൃത്വം മുന്നോട്ടുവച്ച സ്ഥാനാർഥികൾക്കെതിരെ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിലും മണ്ഡലം കമ്മിറ്റി യോഗത്തിലും രൂക്ഷമായ എതിർപ്പുയർന്നിരുന്നു. എന്നാൽ, അക്കാര്യം അതേപടി സംസ്ഥാന സെക്രട്ടേറിയറ്റിൽ റിപ്പോർട്ട് ചെയ്തില്ല. ഈ യോഗങ്ങളുടെ മിനിറ്റ്സ് സെക്രട്ടേറിയറ്റിനു കൈമാറുന്നതിലും വീഴ്ചയുണ്ടായി. സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയാണ് സ്ഥാനാർഥി എന്നത് ഈ നടപടികളിൽ പ്രതിഫലിച്ചു. പാർട്ടി താൽപര്യമല്ല ഈ ഘട്ടത്തിൽ സെക്രട്ടറി ഉയർത്തിപ്പിടിച്ചതെന്നു ചൂണ്ടിക്കാട്ടി ശാസിക്കാൻ തീരുമാനിച്ച കാര്യം ചൊവ്വാഴ്ച ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തെ ബേബി അറിയിച്ചപ്പോഴാണ് എതിർപ്പുണ്ടായത്.
Fashion ⏭️


