ഇഴഞ്ഞു നീങ്ങിയ പ്രായത്തിൽ യാത്ര തുടങ്ങി; മൂന്നാം വയസിൽ സ്വന്തമാക്കിയത് സുവർണ നേട്ടം

ഗിന്നസ് റെക്കോർഡ് നേടിയ മൂന്നുവയസുകാരി
കളിപ്പാട്ടങ്ങളെയും കാർട്ടൂൺ കഥാപാത്രങ്ങളെയും മാത്രം ഇഷ്‌ടപ്പെടേണ്ട പ്രായത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി മൂന്നുവയസുകാരി. അമേരിക്കൻ ബാലികയായ ബൂട്ട്സിയാണ് ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുഴുവൻ ഡിസ്‌നി തീം പാർക്കുകളും സന്ദർശിച്ചതിലൂടെയാണ് ബൂട്‌സി ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്.
2026 സെപ്‌തംബർ 14ന് ഫ്രാൻസിലെ ഡിസ്‌നിലാൻഡ് പരിസരത്തെത്തിയതോടെയാണ് ബൂട്‌സിയുടെ റെക്കോർഡ് യാത്ര പൂർത്തിയായത്. മാതാപിതാക്കളായ ജെസിനും സറ്റീവിനും അഞ്ചുവയസുകാരനായ സഹോദരൻ ബ്രിഗ്‌സിനുമൊപ്പമായിരുന്നു യാത്ര. 2024 മാർച്ചിലായിരുന്നു ബൂട്‌സിയുടെ ഡിസ്‌നി യാത്രയുടെ തുടക്കം. അന്ന് ഇഴഞ്ഞുനീങ്ങുന്ന പ്രായത്തിലായിരുന്ന ബൂട്ട്‌സി ടോക്കിയോ ഡിസ്നിയാണ് സന്ദർശിച്ചത്. ഒരു മാസത്തിന് ശേഷം ഡിസ്‌നിലാൻഡ് പാരിസിലും എത്തി. അന്ന് ടീകപ്പ് റൈഡായിരുന്നു അവൾ പ്രിയപ്പെട്ടത്. 2025 ഫെബ്രുവരിയിൽ ഹോങ്കോങ് ഡിസ്‌നിലാൻഡ് സന്ദർശിച്ചപ്പോൾ ‘ഫ്രോസൺ റൈഡും, കാലിഫോർണിയയിലെ ഡിസ്‌നിലാൻഡിൽ എത്തിയപ്പോൾ ഡിസ്‌നി ഡോൾ വിപ്പും ബൂട്ട്‌സിയുടെ പ്രിയപ്പെട്ടവയായി.
2025 നവംബറിൽ ടോക്കിയോ ഡിസ്‌നിലാൻഡും ഷാങ്‌ഹായ് ഡിസ്‌നിലാൻഡും സന്ദർശിച്ചു. 2026 ജനുവരിയിൽ ഫ്ലോറിഡയിലെ മാജിക് കിംഗ്‌ഡം, ഹോളിവുഡ് സ്റ്റുഡിയോസ്, അനിമൽ കിംഗ്‌ഡം എന്നീ പാർക്കുകളിലും എത്തി. ഇതോടെ സന്ദർശിച്ച പാർക്കുകളുടെ എണ്ണം പത്തായി. 2026 ജൂലായിൽ ഡിസ്‌നി കാലിഫോർണിയ അഡ്വഞ്ചറും സന്ദർശിച്ചു. ഒടുവിൽ സെപ്‌തംബറിൽ പാരിസിലെ ഡിസ്‌നി അഡ്വഞ്ചർ വേൾഡിലെത്തിയതോടെ ലോകത്തിലെ 12 ഡിസ്‌നി തീം പാർക്കുകളും സന്ദർശിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ബൂട്ട്‌സ് മാറി.
English Summary
Three-year-old US girl Bootsie Darrington has made Disney history by becoming the youngest person to visit all 12 Disney theme parks worldwide. She completed the journey in Paris on September 14, 2026, earning a Guinness World Records title.
News ⏭️


