NEWS
‘ഇനി ഇതിൽ ഇടപെട്ടാൽ വിവരം അറിയും’: നാട്ടുകാരുടെ അഞ്ചു മാസത്തെ പോരാട്ടം; ഒടുവിൽ രാസമണ്ണുനീക്കം

കൊടുങ്ങല്ലൂർ ∙ ‘‘ഞങ്ങൾ ഇനിയും മണ്ണ് കൊണ്ടുവരും. ആരും തടയില്ല. ഉദ്യോഗസ്ഥർ മണ്ണ് മാറ്റാൻ ഒന്നോ രണ്ടോ തവണ പറയും. പിന്നെ അവരും താനെ നിർത്തിക്കോളും. ഇനി ഇതിൽ ഇടപെട്ടാൽ വിവരം അറിയും.’’ എറിയാട് പഞ്ചായത്തിൽ രാസമാലിന്യം കലർന്ന മണ്ണ് ഉപയോഗിച്ചു തണ്ണീർത്തടവും കുളവും നികത്തുന്നതു തടയാൻ ശ്രമിച്ച പ്രദേശവാസികളോട് ഏജന്റുമാർ പറഞ്ഞതാണിത്. ധിക്കാരത്തോടെയായിരുന്നു ഇവരുടെ സമീപനം. ഒടുവിൽ മണ്ണ് എത്തിച്ചവർ തന്നെ തിരികെയെടുക്കാൻ സമ്മതിച്ചതോടെ അഞ്ചു മാസത്തെ പോരാട്ടം നടത്തിയ പരിസ്ഥിതി സ്നേഹികൾക്കും നാടിനും വിജയം. 2026 ഏപ്രിൽ മാസത്തിലാണു ഭൂമി നികത്തുന്നതു നാട്ടുകാരായ പി.ജെ. ഹബീബ്, കെ.പി.പ്രജീഷ്, കെ.ജി.സനീഷ് എന്നിവർ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയത്. പൊലീസിൽ പരാതിയെത്തിയതോടെ ഇവർ സ്റ്റേഷനിലെത്തി. എന്നാൽ, ഭൂമി നികത്താൻ കോടതി ഉത്തരവ് ഉണ്ടെന്ന് ഉടമകൾ പൊലീസിനെ ബോധ്യപ്പെടുത്തിയതോടെ പൊലീസും ഇവർക്കെതിരായി. നാട്ടുകാർക്ക് എതിർപ്പുണ്ടെങ്കിൽ താൽക്കാലികമായി പ്രവൃത്തികൾ നിർത്തിവയ്ക്കാമെങ്കിലും പൊലീസും റവന്യു അധികൃതരും മിണ്ടിയതേയില്ല. ഒടുവിൽ രാസമാലിന്യം കലർന്ന മണ്ണ് ഉപയോഗിച്ചു ദിവസങ്ങൾക്കുള്ളിൽ കുളവും തോടും നികത്തി. രാഷ്ട്രീയപ്പാർട്ടികൾ പിന്തുണയുമായി എത്തിയതോടെ എറിയാട് വലിയ ജനകീയ മുന്നേറ്റമായി. മാസങ്ങൾക്കു ശേഷം രാസമാലിന്യം കലർന്ന മണ്ണ് നീക്കാൻ കലക്ടർ പഞ്ചായത്തിന് ഉത്തരവ് നൽകി. എന്നാൽ, പഞ്ചായത്തിലെ 19 സ്ഥലങ്ങളിലെങ്കിലും രാസമാലിന്യം കലർന്ന മണ്ണ് തള്ളിയിട്ടുണ്ട്. ഇതു നീക്കം ചെയ്യാൻ ആദ്യഘട്ടത്തിൽ തന്നെ രണ്ടു കോടി രൂപ വരുമെന്ന് ആയതോടെ പഞ്ചായത്ത് പിൻവലിഞ്ഞു. പിന്നീട് ആർഡിഒയുടെ നേതൃത്വത്തിൽ പലതവണ യോഗം നടത്തിയെങ്കിലും ഭൂവുടമകൾ കൈമലർത്തി.
Fashion ⏭️


