NEWS
‘ഇവിടെ നിന്ന് അയച്ചത് 85 ലക്ഷം’: വീണയുടെ ‘റെഡ് ബുക്കിൽ’ കോടികളുടെ കണക്ക്; ഹവാല ഇടപാടിന് തെളിവെന്ന് ഇ.ഡി

തിരുവനന്തപുരം ∙ സംസ്ഥാന പൊലീസ് മേധാവിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അയച്ച കത്തിനൊപ്പം തെളിവായി അവർ ചേർത്തത് വീണയുടെ പക്കൽനിന്നു കണ്ടെടുത്ത ‘റെഡ് ബുക്കി’ലെ കുറിപ്പുകളും പണത്തിന്റെ കണക്കുകളും. പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ ടി.വീണ, മുൻമന്ത്രിയും ഭർത്താവുമായ പി.എ.മുഹമ്മദ് റിയാസ് എന്നിവർ ഹവാല ഇടപാടിലൂടെ ദുബായിലേക്കു പണമയച്ചതിനെപ്പറ്റിയാണ് ഇവയെന്ന് ഇ.ഡി പറയുന്നു.ദുബായിലുള്ള വി.പി.ഫൈജാസ് എന്നയാൾക്ക് 2024 സെപ്റ്റംബറിൽ 85 ലക്ഷം രൂപ അയച്ചതായി റെഡ് ബുക്കിന്റെ മൂന്നാം പേജിൽ എഴുതിയിട്ടുള്ളതായി ഇ.ഡി പറയുന്ന കുറിപ്പ്, ദുബായിലേക്ക് പണം കടത്തിയെന്നു സൂചിപ്പിക്കുന്ന വാട്സാപ് ചാറ്റുകൾ എന്നിവ റെയ്ഡുകളിൽ പിടിച്ചെടുത്തതാണെന്നും കത്തിൽ പറയുന്നു. റിയാസുമായുള്ള അടുപ്പത്തെക്കുറിച്ച് ഹവാല ഇടപാടുകാരുടെ മൊഴികൾ ലഭിച്ചെന്നും കത്തിലുണ്ട്.2024 സെപ്റ്റംബർ 17 എന്ന തീയതിയിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെ: ‘ഇവിടെ നിന്ന് അയച്ചത് 85 ലക്ഷം. ഫൈജാസിനു ലഭിച്ചത് 349K (AED)’. 3,49,000 യുഎഇ ദിർഹം (അന്നത്തെ വിനിമയ നിരക്കിൽ 79.60 ലക്ഷം രൂപ) ഫൈജാസ് കൈപ്പറ്റിയെന്ന റെഡ് ബുക്കിലെ കുറിപ്പ് എടുത്തുചേർത്തതിനു താഴെ ഇ.ഡി ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു – ‘വലിയ തോതിലുള്ള ഹവാലയോ അനധികൃത പണമിടപാടോ സൂചിപ്പിക്കുന്നതാണിത്’. ഫൈജാസിനെ 10 വർഷമായി പരിചയമുണ്ടെന്ന് വീണ വെളിപ്പെടുത്തിയതായും ഇ.ഡി പറയുന്നു.
Fashion ⏭️


