NEWS

ഇല്ലാത്ത അർബുദത്തിന് 11 വർഷം കീമോതെറാപ്പി; ഒടുവിൽ മസ്തിഷ്ക വീക്കമെന്ന് കണ്ടെത്തൽ


ലണ്ടൻ ∙ തലച്ചോറിൽ മുഴയുണ്ടെന്നും അർബുദമാണെന്നും മാസങ്ങൾ മാത്രമേ ആയുസ്സുള്ളൂ എന്നും പരിചയസമ്പന്നനായ അർബുദ വിദഗ്ധൻ ഇയാൻ ബ്രൗൺ 2012 ൽ വിധിയെഴുതുമ്പോൾ ബ്രിട്ടിഷ് വനിത ബെക്കി ജോൺസിന് 21 വയസുമാത്രമായിരുന്നു പ്രായം. പൊലീസ് ആകാൻ സ്വപ്നം കണ്ടിരുന്ന സമയത്താണ് ബെക്കിയുടെ ഭാവി ഇരുളടഞ്ഞതായി മാറിയത്. തന്റെ പങ്കാളിയെ കണ്ട് അധികനാളുകളായിട്ടില്ല. പിന്നാലെ ബെക്കിയുടെ ജീവിതം മാറ്റിമറിച്ച കീമോതെറാപ്പി ചികിത്സയ്‌ക്ക് തുടക്കമായി. മാനസികമായി തകർന്ന ബെക്കിയെ ശാരീരിക അസ്വസ്ഥതകൾ വലച്ചു. കുടുംബ പരിപാടികളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. കരിയർ സ്വപ്നങ്ങൾ ഉപേക്ഷിക്കേണ്ടതായി വന്നു. അരക്ഷിതാവസ്ഥയിലും ആശങ്കയിലും ബെക്കി നാളുകൾ തള്ളിനീക്കി.ഇയാൻ ബ്രൗൺ വിരമിച്ചതിനാൽ ചികിത്സ അവസാനിപ്പിക്കുകയാണെന്ന് 2024 ൽ ലഭിച്ച സന്ദേശത്തിലെ അസ്വാഭാവികത വഴിത്തിരിവായി. ബെക്കിയുടെ അഭിഭാഷക സംഘം ഏർപ്പാടാക്കിയ സ്വതന്ത്ര പരിശോധനകളിൽ, അർബുദമില്ലെന്നും മറിച്ച് സ്റ്റിറോയിഡുകൾ ഉപയോഗിച്ച് ചികിത്സിക്കാൻ കഴിയുന്ന മസ്തിഷ്ക വീക്കമായിരുന്നുവെന്ന് 2025 മേയിൽ തിരിച്ചറിഞ്ഞപ്പോഴേക്കും കടന്നുപോയത് നീണ്ട 11 വർഷങ്ങൾ. അനാവശ്യമായി അർബുദ ചികിത്സ നിർദേശിച്ച യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് കോവെൻട്രി ആൻഡ് വാർവിക്ഷയർ (UHCW) എൻഎച്ച്എസ് ട്രസ്റ്റിനെതിരെ നിയമനടപടി സ്വീകരിച്ച 40-ൽ അധികം ആളുകളിൽ ഒരാളായി രണ്ടു കുട്ടികളുടെ അമ്മയായ ബെക്കിയും.Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @JeevanSukhi എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.


Fashion ⏭️

Back to top button