BUSINESS

ഇനി ‘പ്രൈവറ്റാകാൻ’ വഴിയില്ല, ടാറ്റ സൺസ് ഐപിഒയിലേക്ക്, സാംഗ്‍വിക്ക് കിട്ടിയ ഇളവ് ടാറ്റയ്ക്കും ലഭിക്കുമോ? നോയൽ ഭയക്കുന്നതെന്ത്?


റിസർവ് ബാങ്കും കൈവിട്ടതോടെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുകയല്ലാതെ ടാറ്റ സൺസിനു മുന്നിൽ മറ്റു വഴികളില്ലെന്നു വിദഗ്ധർ. അപ്പർലെയർ എൻബിഎഫ്സി വിഭാഗത്തിലുള്ള കമ്പനികൾ വിപണിയിൽ ലിസ്റ്റ് ചെയ്യണമെന്നാണ് ആർബിഐ ചട്ടം. ഇതിന് ഇളവ് തേടി ടാറ്റ സൺസ് സമർപ്പിച്ച അപേക്ഷയാണ് കഴിഞ്ഞ ദിവസം ആർബിഐ തള്ളിയത്. ഇത് പ്രതീക്ഷിച്ചിരുന്നതാണെന്ന് വിദഗ്ധർ പറയുന്നു. ടാറ്റ ഗ്രൂപ്പിനു വേണ്ടി മാത്രം ചട്ടങ്ങളിൽ ഇളവ് നൽകിയാൽ നിയമ പ്രശ്നങ്ങളിലേക്ക് പോകാനുള്ള സാധ്യതയുണ്ട്. സമാനമായ ആവശ്യം മറ്റ് കമ്പനികളും ഉന്നയിച്ചേക്കാം. ഈ സാഹചര്യത്തിലാണ് ടാറ്റ ഗ്രൂപ്പിനു വേണ്ടി മാത്രം ഇളവ് നൽകേണ്ടതില്ലെന്ന് ആർബിഐ തീരുമാനിച്ചതെന്നാണ് കരുതുന്നത്. ∙ കോടതി കയറും  എന്നാൽ ആർബിഐ തീരുമാനത്തിനെതിരെ ടാറ്റ സൺസ് കോടതിയെ സമീപിക്കാനുള്ള സാധ്യതയുണ്ടെന്നാണ് നിയമ വിദഗ്ധർ പറയുന്നത്. ആർബിഐ നേരത്തേയും എൻബിഎഫ്സികൾക്ക് കോർ ഇൻവെസ്റ്റ്മെന്റ് കമ്പനി (സിഐസി) ആയി തുടരാൻ അനുമതി നൽകിയിട്ടുണ്ട്. സാംഗ്‍വി ഫിനാൻസ് പോലുള്ള കമ്പനികളുടെ കാര്യമാണ് ഇവർ ഉദാഹരണമായി എടുത്തു കാട്ടുന്നത്. സൺ ഫാർമസ്യൂട്ടിക്കൽ ഉടമ ദിലിപ് സാംഗ്‍വിയുടെ ഉടമസ്ഥതയിലുള്ള സാംഗ്‍വി ഫിനാൻസിന് 2023ലാണ് സിഐസിയായി തുടരാൻ അനുമതി കിട്ടിയത്. ഏതെങ്കിലും ഒരു കമ്പനിയെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാൻ നിർ‍ബന്ധിക്കാൻ സെബിക്കോ ആർബിഐക്കോ അധികാരമില്ലെന്നും ചില നിയമ വിദഗ്ധർ പറയുന്നുണ്ട്.∙ ഐപിഒ വന്നാൽ എന്താണ് നേട്ടം? അതേസമയം, ടാറ്റ സൺസ് പ്രാരംഭ ഓഹരി വിൽപനയുമായി രംഗത്തെത്തുന്നത് നിലവിലെ നിക്ഷേപകർക്ക് വലിയ നേട്ടമാകും. ഏറ്റവും കൂടുതൽ ഗുണം ചെയ്യുക ഷപോർജി പല്ലോൻജി ഗ്രൂപ്പിനാണ് (എസ്പി ഗ്രൂപ്പ്). ടാറ്റ സൺസിൽ 18.37 ശതമാനം ഓഹരിയാണ് ഗ്രൂപ്പിനുള്ളത്. ടാറ്റ സൺസിൽ ഓഹരിയുള്ള ഏഴ് ടാറ്റ ലിസ്റ്റഡ് കമ്പനികൾക്കും നീക്കം ഗുണം ചെയ്യും. ടാറ്റ കമ്പനികളുടെ മാതൃസ്ഥാപനത്തിൽ നേരിട്ട് നിക്ഷേപിക്കാനുള്ള അവസരമാണ് റീട്ടെയ്ൽ നിക്ഷേപകർക്ക് ലഭിക്കുക. ടാറ്റയുടെ ലിസ്റ്റ് ചെയ്യാത്ത ഡിജിറ്റൽ സർവീസ്, ഇലക്ട്രോണിക്സ്, ഏവിയേഷൻ തുടങ്ങിയ ബിസിനസുകളിലും സാധാരണക്കാർക്ക് നിക്ഷേപിക്കാനുള്ള അവസരമുണ്ടാകും. വിപണിയിൽ ലിസ്റ്റ് ചെയ്താൽ കമ്പനിയുടെ വികസനത്തിന് ആവശ്യമായ ഫണ്ട് ശേഖരിക്കാൻ ടാറ്റ സൺസിന് വേഗത്തിൽ കഴിയുകയും ചെയ്യും. ടാറ്റ  സൺ‍സിന്റെ ഐപിഒയും ലിസ്റ്റിങ്ങും അടക്കമുള്ള നടപടികൾ‍ പൂർത്തിയാവാൻ മൂന്നു മുതൽ ആറു മാസം വരെ ചുരുങ്ങിയത് വേണ്ടിവരും. ഐപിഒയ്ക്കായി സെബിക്ക് അപേക്ഷ സമർപ്പിക്കുന്നതിനു മുൻപ് എൻബിഎഫ്സി ചട്ടങ്ങളെല്ലാം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടി വരും. പുതിയ ചെയർമാനെ തീരുമാനിക്കുന്നതും നിർണായകമാണ്.∙ നോയൽ ഭയക്കുന്നതെന്ത്? പബ്ലിക് കമ്പനിയായി മാറിക്കഴിഞ്ഞാൽ ടാറ്റ സൺസിൽ ടാറ്റ ട്രസ്റ്റുകൾക്കുള്ള നിയന്ത്രണം കുറയുമെന്നതാണ് പ്രധാന ആശങ്ക. കൂടാതെ കമ്പനിയിലേക്ക് വിദേശികളും സ്ഥാപന നിക്ഷേപകരും നിക്ഷേപം നടത്തും. ഇവർക്ക് ചുരുങ്ങിയ കാലം കൊണ്ട് ലാഭമുണ്ടാക്കണമെന്നാകും ആഗ്രഹം. ഇത് ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ മൂല്യങ്ങളെ ബാധിക്കുമെന്നാണ് മറ്റൊരു വാദം. ഗ്രൂപ്പിനു കീഴിലുള്ള ഏതെങ്കിലും കമ്പനിയിൽ പ്രതിസന്ധിയുണ്ടാകുമ്പോൾ സഹായിക്കാൻ ഇത്തരം നിക്ഷേപകർ തയാറാകില്ലെന്നും നോയലുമായി ബന്ധപ്പെട്ടവർ പറയുന്നു. ടാറ്റ സൺസിന്റെ ഐപിഒ കൃത്യമായ സമയത്തല്ലെന്ന വാദമാണ് ടാറ്റ ട്രസ്റ്റിലെ മുൻ ട്രസ്റ്റികളിൽ ഒരാളായ എൻ.എ.സുനാവാല ഉയർത്തുന്നത്. എയർ ഇന്ത്യ അടക്കം ടാറ്റ അടുത്ത കാലത്തു തുടങ്ങിയ പല ബിസിനസുകളും നിലവിൽ നഷ്ടത്തിലാണ്. ദീർഘകാല നിക്ഷേപത്തിലൂടെ മാത്രം ലാഭത്തിലാകുന്ന ബിസിനസുകളാണിത്. ഇവയുടെ നഷ്ടക്കണക്കുകൾ കൂടി സാമ്പത്തിക റിപ്പോർട്ടിൽ ഉൾപ്പെടുത്തിയാലേ ഐപിഒയ്ക്ക് അപേക്ഷിക്കാൻ കഴിയൂ. ഇത് നിക്ഷേപകരുടെ താൽപര്യം കുറയ്ക്കാൻ ഇടയാക്കുമെന്നും അദ്ദേഹം പറയുന്നു. ഈ കമ്പനികൾ ലാഭത്തിലായ ശേഷം ലിസ്റ്റിങ്ങിലേക്ക് കടക്കുന്നതായിരിക്കും ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Travel ⏭️

Back to top button