NEWS

സിസിടിവി വഴി നിരീക്ഷണം, പാർട്ടിക്ക് പോകുന്നത് വിലക്കി; ഭർതൃപിതാവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകി മരുമകൾ


കാൺപൂർ∙ ഉത്തർപ്രദേശിൽ വ്യാപാരിയെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകി മരുമകൾ. കാണ്‍പൂർ സ്വദേശിയായ മരുന്ന് വ്യാപാരി വിനീത് മിനോച്ച(63) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മരുമകൾ ഷാലുവിനെയും കൊല നടത്തിയ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വിനീതിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് അന്നുതന്നെ പൊലീസ് പ്രതികളെ കണ്ടെത്തിയിരുന്നു. വീട്ടിലെ മുൻ ജീവനക്കാരനായ വിശാൽ ഇയാളുടെ കൂട്ടാളി രാജ് കിഷോർ എന്നിവർ ചേർന്നാണ് കൊലപാതകം നടത്തിയത്. ഞായറാഴ്ച വൈകിട്ടോടെ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരം പൊലീസിന് ലഭിച്ചത്. ചോദ്യം ചെയ്യലിൽ വിനീതിന്റെ മരുമകൾ ഷാലു (36) ആവശ്യപ്പെട്ടിട്ടാണ് കൊലപാതകം നടത്തിയതെന്ന് പ്രതികൾ പറഞ്ഞു. ഫ്ലാറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ നിർമിച്ച് ഷാലു വിശാലിന് കൈമാറി. ഇതുപയോഗിച്ചാണ് വിശാലും രാജ് കിഷോറും വീട്ടിനുള്ളിൽ കയറിയത്. കൊലപാതക സമയത്ത് ഷാലു ഭർത്താവിനും മകൾക്കുമൊപ്പം പുറത്തുപോയിരുന്നു. ശ്വാസം മുട്ടിച്ച് വിനീതിനെ കൊലപ്പെടുത്താനായിരുന്നു ആദ്യ പദ്ധതി. എന്നാൽ അത് നടപ്പിലാകാതെ വന്നതോടെയാണ് കത്തി ഉപയോഗിച്ച് കൊന്നതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. വിനീതിന് 26 കുത്തേറ്റിട്ടുണ്ട്. 


Fashion ⏭️

Back to top button