മലയാളികൾ ഓണം ബമ്പറെടുക്കാനുള്ള നെട്ടോട്ടത്തിൽ; 59 ലക്ഷം ടിക്കറ്റ് വിറ്റു, സർക്കാരിന്റെ അക്കൗണ്ടിൽ 230 കോടി

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വിൽപനയിൽ റെക്കോർഡ് നേട്ടം. 59 ലക്ഷം ടിക്കറ്റുകൾ ഇതുവരെ വിറ്റുതീർന്നു. 30 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ടിക്കറ്റിന് 500 രൂപയാണ് വില. അതിനാൽ തന്നെ ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണത്തിലും വലിയ വർദ്ധനവുണ്ട്. 390 രൂപയും 28 ശതമാനം ജിഎസ്ടിയുമാണ് ഏജന്റുമാർ ഒരു ടിക്കറ്റിന് സർക്കാരിന് നൽകേണ്ടത്. ഇതുവരെ സർക്കാരിന് 230.10 കോടി രൂപ ലഭിച്ചു. 125.54 കോടി രൂപയാണ് ആകെ നൽകേണ്ടത്. ഏജൻസി കമ്മിഷൻ ഇനത്തിൽ 12.55 കോടി രൂപയാണ് മാറ്റിവയ്‌ക്കേണ്ടത്. ഇനി 18 ദിവസം കൂടി നറുക്കെടുപ്പിന് ബാക്കിയുണ്ട്.
കേരള ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായാണ് ഓണം ബമ്പർ 2026 വിപണിയിലെത്തിയത്. ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുക സമ്മാനമായി നൽകുന്ന ഇത്തവണത്തെ ബമ്പറെടുക്കാൻ ആളുകളുടെ തിരക്കാണ്. കഴിഞ്ഞ നാല് വർഷമായി 25 കോടി രൂപയായിരുന്ന ഒന്നാം സമ്മാനത്തിൽ ഇത്തവണ അഞ്ച് കോടിയുടെ വർദ്ധനവാണ് വരുത്തിയത്.
സെപ്തംബർ 26ന് ശനിയാഴ്ചയാണ് ഓണം ബമ്പറിന്റെ നറുക്കെടുപ്പ് നടക്കുക. പത്ത് വർഷം മുമ്പ് പത്ത് കോടി രൂപയായിരുന്നു ബമ്പറിന്റെ ഒന്നാം സമ്മാനം. ഇത്ര വലിയ സമ്മാനത്തുക നൽകുന്നതു കൊണ്ട് തന്നെ ഓണം ബമ്പർ ലോട്ടറി ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണത്തിലും കാലാകാലങ്ങളായി വർദ്ധന സംഭവിക്കുന്നുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ആളുകൾ ബമ്പർ ടിക്കറ്റ് എടുക്കുകയും സമ്മാനങ്ങൾ സ്വന്തമാക്കുകയും ചെയ്യുന്നുണ്ട്. ഈ വർഷവും ടിക്കറ്റ് വിൽപനയിൽ ചരിത്രം സൃഷ്ടിക്കാനാകുമെന്ന് പ്രതീക്ഷയിലാണ് ലോട്ടറി വകുപ്പ്.
കേരളത്തിന് പ്രധാനമായും അഞ്ച് ബമ്പർ ലോട്ടറികളാണുള്ളത്, ഓണം ബമ്പർ, ക്രിസ്മസ് ന്യൂയർ ബമ്പർ, വിഷു ബമ്പർ, സമ്മർ ബമ്പർ, മൺസൂൺ ബമ്പർ എന്നിവയാണവ. ഇവയിൽ ഏറ്റവും കൂടുതൽ സമ്മാനം നൽകുന്നത് ഓണം ബമ്പറിനാണ്.
സമ്മാനത്തുക ഓരോ വർഷവും
2016 – 10 കോടി
2017 – 12 കോടി
2018 – 10 കോടി
2019 – 12 കോടി
2020 – 12 കോടി
2021 – 12 കോടി
2022 – 25 കോടി
2023 – 25 കോടി
2024 – 25 കോടി
2025 – 25 കോടി
2026 – 30 കോടി
RELATED TOPICS: THIRUVONAM BUMPER LOTTERY, KERALA LOTTERY, THIRUVONAM BUMPER SALES, KERALA LOTTERY RECORD, LOTTERY TICKET SALES
Read News ⏭️


