NEWS
എൽപിജി സിലിണ്ടർ ബുക്ക് ചെയ്യാൻ 25 ദിവസം സമയപരിധി; നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി ∙ ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനുള്ള സമയപരിധി വീണ്ടും 45 ദിവസത്തിൽ നിന്നും 25 ദിവസമായി കുറച്ച് കേന്ദ്ര സർക്കാർ ഉത്തരവ്. തീരുമാനം നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ഉപഭോക്താക്കൾക്ക് ഒരുപോലെ ബാധകമായിരിക്കുമെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു. എണ്ണക്കമ്പനികൾക്ക് മന്ത്രാലയം അയച്ച കത്തിന്റെ പകർപ്പ് അദ്ദേഹം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചു. 2026 ഫെബ്രുവരിയിൽ പശ്ചിമേഷ്യയിലുണ്ടായ ആഭ്യന്തര സംഘർഷങ്ങളെ തുടർന്ന് എൽപിജി വിതരണത്തിൽ കടുത്ത പ്രതിസന്ധി നേരിട്ടിരുന്നു. ഇതേ തുടർന്ന് താൽക്കാലിക നിയന്ത്രണങ്ങളുടെ ഭാഗമായി നഗരങ്ങളിൽ 25 ദിവസവും ഗ്രാമങ്ങളിൽ 45 ദിവസവും കഴിഞ്ഞേ അടുത്ത സിലിണ്ടർ ബുക്ക് ചെയ്യാൻ സാധിക്കൂ എന്ന നിയമം മന്ത്രാലയം കൊണ്ടുവന്നിരുന്നു. എന്നാൽ നിലവിൽ രാജ്യത്തെ എൽപിജി വിതരണ സാഹചര്യം മെച്ചപ്പെട്ടതോടെയാണ് താൽക്കാലിക നിയന്ത്രണം സർക്കാർ പിൻവലിക്കുന്നത്.
Fashion ⏭️


